മോസ്‌കോ: ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നുള്ള മുന്നറിയിപ്പു അമേരിക്കയ്ക്ക് നൽകി റഷ്യ. രണ്ട് കരുത്തരായ ഏഷ്യൻ ശക്തികളെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കയുടേത്. മാത്രമല്ല അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നയങ്ങളെ രൂക്ഷമായ ഭാഷയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിമർശിച്ചു.
അതേസമയം ഇന്ത്യയെയും ചൈനയെയും വ്യാപാര പങ്കാളികൾ എന്നാണ് പുടിൻ പരാമർശിച്ചത്. അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യൻ ശക്തികളോട് വേണ്ട, അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞുവെന്നും പുടിൻ കൂട്ടിച്ചേർത്തു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പുടിന്റെ പ്രതികരണം.
ട്രംപ് ശ്രമിക്കുന്നത് സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളായ ഇന്ത്യയെയും ചൈനയെയും വരുതിയിൽ നിർത്താനാണ്. റഷ്യയുടെ പങ്കാളികളായ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളെ ദുർബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള ചൈന. ഇവർക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളുമൊക്കെയുണ്ട്. ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാൻ പോകുന്നുവെന്ന് പറയുമ്പോൾ ഓർക്കണം, ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയൊക്കെ പ്രതികരിക്കാൻ കഴിയുമെന്ന്’ പുടിൻ പറഞ്ഞു.
അതുപോല ഇന്ത്യയുടേയും ചൈനയുടേയും രാഷ്ട്രീയ ബോധ്യത്തിന് ചരിത്രപരമായ വലിയ സ്വാധീനമുണ്ടെന്ന് പുടിൻ വ്യക്തമാക്കി. കൊളോണിയലിസം പോലെ ഇരുരാജ്യങ്ങൾക്കും ചരിത്രത്തിൽ ദുഷ്‌കരമായ കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരെങ്കിലുമൊരാൾ ബലഹീനത പ്രകടിപ്പിച്ചാൽ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതായേക്കാമെന്നതിനാൽ, അതവരുടെ പ്രവൃത്തികളെയും സ്വാധീനിക്കുമെന്നും പുടിൻ വിശദീകരിച്ചു.
കൊളോണിയൽ യുഗം കഴിഞ്ഞുവെന്ന് യുഎസ് മനസിലാക്കണം. പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തിൽ പെരുമാറാനാകില്ലെന്ന് അവർ മനസിലാക്കണമെന്നും അദ്ദേഹം വിമർശിച്ചു. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്.