കണ്ണൂർ: ബിഎല്‍ഒ അനീഷ് ജോർജിന് വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും, പ്രത്യേക സമ്മർദമുണ്ടായിട്ടില്ലെന്നും കളക്ടർ അരുൺ കെ വിജയൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.ബിഎൽഒമാരായ അങ്കണവാടി അധ്യാപകരെ മാറ്റിനിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് അനീഷ് ജോർജ് ബിഎൽഒ ആയി നിയമിച്ചത്.
തുടർന്ന് എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്നു.1065 ഫോമുകൾ നൽകിയതിൽ 825 എണ്ണം വിതരണം ചെയ്തു, 240 ഫോമുകൾ ശേഷിക്കുന്നു, നവംബർ 16-ന് രാവിലെ പരിശോധിച്ചപ്പോൾ, ബാക്കിയുള്ള ഫോമുകൾ ഇതിനകം വിതരണം ചെയ്തിരുന്നുവെങ്കിലും പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തതിനാൽ, ബിഎൽഒ വിതരണത്തിനായി 50 ഫോമുകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഇആർഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ, ഈ ബൂത്തിലെ ഫോം വിതരണ ജോലികൾ തൃപ്തികരമായ തലത്തിൽ പുരോഗമിക്കുകയായിരുന്നു. ജില്ലയിലെ എല്ലാ ബിഎൽഒമാർക്കും എസ്ഐആർ ചുമതലകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ജില്ലാ ഇലക്ഷൻ വിഭാഗം ഉറപ്പാക്കിയിരുന്നു.
ഫീൽഡ് തലത്തിലുള്ള എന്യൂമറേഷൻ ഫോം വിതരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി റവന്യൂവിഭാഗത്തിൽ നിന്നും ഉദ്യോഗസ്ഥരെ ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കുകയും ആവശ്യമായ സ്ഥലത്ത് വാഹനസൗകര്യം ലഭ്യമാക്കുകയും ചെയ്തു. 2025 നവംബർ 15-ന്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദേശപ്രകാരം ഫോമുകൾ വിതരണം ചെയ്യുന്നതിൽ ബിഎൽഒയെ സഹായിക്കാൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പ്രദീപൻ, അനീഷ് ജോർജിനൊപ്പം പോയിരുന്നു. വൈകീട്ടുവരെ ഇദ്ദേഹത്തിനൊപ്പം കൃത്യനിർവഹണത്തിൽ ഏർപെട്ടിരുന്ന ബിഎൽഒക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായതായി വിഎഫ്എ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം നടന്ന ദിവസം, രാവിലെ 8.45-ഓടെ, ബാക്കിയുള്ള 240 ഫോമുകൾ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാൻ ബൂത്ത് ലെവൽ സൂപ്പർവൈസർ ഷീജ, ബിഎൽഒയെ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. ശേഷിക്കുന്ന ജോലികൾ താൻ തന്നെ പൂർത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബിഎൽഒ അറിയിച്ചു.
ഫോൺരേഖകളുടെയും ഔദ്യോഗിക ഇടപെടലുകളുടെയും പരിശോധനയിൽ, സംഭവ ദവസമോ അതിനു മുൻപോ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തിയിട്ടില്ലെന്നും കളക്ടർ അറിയിച്ചു.















































