തിരുവനന്തപുരം: കല്ലറ തച്ചോണത്ത് സിഐടിയു തൊഴിലാളികൾ ലോഡ് ഇറക്കാൻ സമ്മതിക്കാത്തതിനെ തുടർന്നു ഇൻ്റർലോക്ക് തനിയെ ഇറക്കി അധ്യാപികയായ പ്രിയ വിനോദ്. വീടിന്റെ മുറ്റത്ത് ജോലിക്കാരെ കൊണ്ട് ലോഡിറക്കാൻ സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ലെന്നും അതിനാലാണ് തനിയെ ലോഡിറക്കിയതെന്നും അധ്യാപിക പറഞ്ഞു. അതിനിടെ ലോഡ് ഇറക്കി തീരും വരെ സിഐടിയു സംഘം അസഭ്യം പറഞ്ഞെന്നും പിന്നീട് മടങ്ങിപ്പോയെന്നും കെപിസിസി മീഡിയ അംഗം കൂടിയായ പ്രിയ പറയുന്നു.
ലോഡിറക്കിയ സംഭവത്തിന്റെ വീഡിയോ അടക്കം അധ്യാപിക പുറത്തുവിട്ടു. മദ്യപിച്ചെത്തിയ സിഐടിയുക്കാർ തന്നോടു മോശമായി സംസാരിക്കുകയും ലോഡ് ഇറക്കാൻ സമ്മതിച്ചില്ലെന്നും അധ്യാപിക വീഡിയോയിൽ പറയുന്നു. ഏകദേശം അമ്പതോളം പേരുണ്ടായിരുന്നു. താൻ വന്നപ്പോൾ തന്നെ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും സ്റ്റാഫിനെ വഴക്കുപറയുകയും ചെയ്തു. കാണിച്ച് കൊടുക്കാം, വരട്ടെ എന്നൊക്കെ ഭീഷണി മുഴക്കി. എന്നാൽ അവസാനത്തെ കല്ലും തറയിൽ ഇറക്കും വരെ സിഐടിയുക്കാർ കാഴ്ചക്കാരായി നിന്നു. – അധ്യാപിക പറഞ്ഞു.
ഇതിനിടെ താനിറക്കിയപ്പോൾ തറയിൽ വീണ കല്ലുകൾ ഒന്നിന് മീതെ ഒന്നായി വീണ് പൊട്ടാതിരിക്കാനായി അതൊന്ന് മാറ്റിയിടാൻ ജോലിക്കാരോട് പറഞ്ഞപ്പോൾ വീണ്ടും ഭീഷണിയുമായി അവരെത്തിയെന്നും അധ്യാപിക ആരോപിക്കുന്നു. അതേസമയം അധ്യാപികയുടെ ഭർത്താവ് എസ്ഐ ആയ ഐ.ബി. വിനോദ് ജോലി സ്ഥലത്ത് ആയിരുന്നതിനാൽ അധ്യാപിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുൻപ് ടൈൽ ഇറക്കിയപ്പോൾ 10000 രൂപയാണ് കൂലി ചോദിച്ചതെന്നും 4000 രൂപ നൽകിയെന്നും ബിൽ നൽകിയില്ലെന്നും അധ്യാപിക പറഞ്ഞു.
അതേസമയം അധ്യാപികയുടെ പരാതി നിഷേധിച്ച് സിഐടിയുവും രംഗത്തെത്തി. ആരുടെ പക്കൽ നിന്നും യൂണിയൻ അധിക കൂലി മേടിക്കാറില്ലെന്ന് സിഐടിയുക്കാർ പറയുന്നു. ലോഡ് വന്ന വാഹനം വീടിനകത്തായിരുന്നതിനാൽ വീട്ടുകാർ ഇറക്കിക്കോളാൻ പറഞ്ഞുവെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നും സിഐടിയു നേതാവ് ഹർഷകുമാർ പറഞ്ഞു. തൊഴിലാളികൾ കള്ളുകുടിച്ച് പ്രശ്നമുണ്ടാക്കുന്നു എന്നാണ് അവർ പറയുന്നത്. തൊഴിലാളികളെ കുറിച്ച് നാട്ടുകാരോട് തിരക്കിയാൽ സത്യാവസ്ഥ അറിയാമെന്നും അദ്ദേഹം പറഞ്ഞു.