വാഷിങ്ടൻ: ചൈനയുമായി വ്യാപാര കരാറിന് ചൈനയാണ് ആദ്യ നീക്കം നടത്തേണ്ടതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ്. ‘പന്ത് ചൈനയുടെ കോർട്ടിലാണ്. യുഎസുമായി വ്യാപാര കരാറിന് ചൈന തയാറാകണം. ചൈനയെ അങ്ങോട്ട് സമീപിച്ച് കരാറിന് ശ്രമിക്കേണ്ട ആവശ്യം യുഎസിനില്ല. ചൈനയുമായി കരാറിന് സന്നദ്ധനാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്.’ – കാരലിൻ ലീവിറ്റ് പറഞ്ഞു.
യുഎസിലേക്കുള്ള ഇറക്കുമതിക്കു ചൈനയ്ക്കുമേൽ 34 ശതമാനം പകരച്ചുങ്കമാണ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ചൈനയുടെ മേൽ 104% പകരച്ചുങ്കം യുഎസ് ചുമത്തി. ഇതോടെ യുഎസ് ഉൽപന്നങ്ങൾക്ക് ചൈന 84 ശതമാനം പകരച്ചുങ്കം ചുമത്തി.യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരച്ചുങ്കം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപ് 90 ദിവസത്തേക്ക് മരവിച്ചെങ്കിലും ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 145% ആക്കി ഉയർത്തി.
യുഎസിനെതിരെ പകരച്ചുങ്കം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. ഇതോടെ ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം പകരച്ചുങ്കം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.