കോഴിക്കോട്: കെപിസിസി പുനഃസംഘടനയിലൂടെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖമാണ് പുറത്തുവന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കോണ്‍ഗ്രസിലെ മാറ്റം ഏതെങ്കിലും തരത്തില്‍ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന ഘടകമല്ലെന്നും മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.കെ. സുധാകരന്‍ എത്ര പ്രകോപനസമീപനമെടുത്താലും പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍വരും.
നിലവില്‍ ഇടതുമുന്നണിക്ക് ഒരു ആശങ്കയുമില്ല. വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ അധികാരത്തില്‍ വരാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതരാഷ്ട്രവാദം പറയുന്നു. മുസ്‌ലിം ലീഗ് നേതൃത്വം ഇവരെ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. യുഡിഎഫ് ഇതിനെ തള്ളിപ്പറയുന്നില്ലെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ ആരോപിച്ചു.