ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം വരെ അവധിയെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയിൽ പറഞ്ഞു. സർവീസ് നിയമങ്ങൾ അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. ഈ അവധി പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കാൻ എന്തെങ്കിലും വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) നിയമങ്ങൾ പ്രകാരം, പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതുൾപ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റ് അർഹതയുള്ള അവധികൾക്ക് പുറമെ, 30 ദിവസത്തെ ആർജിത അവധി, 20 ദിവസത്തെ അർധ ശമ്പള അവധി, എട്ട് ദിവസത്തെ കാഷ്വൽ അവധി, രണ്ട് ദിവസത്തെ നിയന്ത്രിത അവധി എന്നിവ പ്രതിവർഷം അനുവദിക്കുന്നുണ്ടെന്നും മന്ത്രി രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
ഗവൺമെന്റ് നയമനുസരിച്ച്, സർക്കാർ ജീവനക്കാരന്റെ അവധി അക്കൗണ്ടിലേക്ക് യഥാക്രമം ജനുവരി 1, ജൂലൈ 1 തീയതികളിൽ രണ്ടുതവണ മുൻകൂറായി അവധി ക്രെഡിറ്റ് ചെയ്യപ്പെടും. ജീവനക്കാർ അവധി എടുക്കുമ്പോൾ അത് ഡെബിറ്റ് ചെയ്യപ്പെടും. സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് നിർദ്ദേശങ്ങൾ കാഷ്വൽ ലീവ്, നിയന്ത്രിത അവധി ദിനങ്ങൾ, കോമ്പൻസേറ്ററി ഓഫ്, സ്പെഷ്യൽ കാഷ്വൽ ലീവ് തുടങ്ങിയ അവധി ദിനങ്ങളെ നിയന്ത്രിക്കുന്നു.