ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഗള്‍സരായില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള വകുപ്പുതല പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ 17 ലോക്കോ പൈലറ്റുമാര്‍ പിടിയില്‍. ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തികകളിലേക്കുള്ള പരീക്ഷ മാര്‍ച്ച് 4 ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. മാര്‍ച്ച് 3 നും മാര്‍ച്ച് 4 നും ഇടയിലുള്ള രാത്രിയിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്നാണ് വിവരം.
സിബിഐ നടത്തിയ പരിശോധനയില്‍, ആകെ 17 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ചോദ്യപേപ്പറുകളുടെ ഫോട്ടോകോപ്പികള്‍ കണ്ടെത്തി.
പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല ഒരു സീനിയര്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ക്ക് (ഓപ്സ്) നല്‍കിയതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ കൈകൊണ്ട് എഴുതി ഒരു ലോക്കോ പൈലറ്റിന് നല്‍കിയതായും അദ്ദേഹം അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തതായും മറ്റൊരു റെയില്‍വേ ഉദ്യോഗസ്ഥന് നല്‍കിയതായും സിബിഐ കണ്ടെത്തി. റെയില്‍വേ ഉദ്യോഗസ്ഥന്‍ മറ്റ് ചില ജീവനക്കാര്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയതായും സിബിഐ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതികളായ സീനിയര്‍ ഡിഇഇ (ഓപ്സ്) യെയും മറ്റ് റെയില്‍വേ ജീവനക്കാരെയും സിബിഐ അറസ്റ്റ് ചെയ്തു.
നിലവില്‍ ലോക്കോ പൈലറ്റുമാരായി ജോലി ചെയ്യുന്ന 17 ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പറിന് പണം നല്‍കിയതായും ചോദ്യപേപ്പറുകളുടെ പകര്‍പ്പുകള്‍ കൈവശം വച്ചതായും ആരോപിക്കപ്പെടുന്നു. ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ 26 റെയില്‍വേ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എട്ട് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി 1.17 കോടി രൂപ കണ്ടെടുത്തു. ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിടിച്ചെടുത്ത ചോദ്യപേപ്പറുകള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി ഏജന്‍സി ഒത്തുനോക്കി, അവ പൊരുത്തപ്പെടുന്നതായും സിബിഐ കണ്ടെത്തി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.