ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളിലൂടെ അമേരിക്കക്കാരിൽനിന്ന് ഇന്ത്യൻ തട്ടിപ്പുസംഘം അടിച്ചുമാറ്റിയത് 350 കോടിയിലധികം രൂപയെന്ന് സിബിഐയുടെ കണ്ടെത്തൽ. പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. 2023 മുതൽ 25 വരെ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. സാങ്കേതിക സഹായം വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ വലയിലാക്കി പണം തട്ടിയത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം എഫ്ബിഐയുമായി സഹകരിച്ച് അതിസൂക്ഷ്മമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായത്. തട്ടിപ്പുസംഘത്തിലെ പ്രധാനികളായ ജിഗർ അഹമ്മദ്, യാഷ് ഖുറാന, ഇന്ദർജീത് സിങ് ബാലി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ താമസസ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും 54 ലക്ഷം രൂപയും എട്ട് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു. പഞ്ചാബിൽനിന്ന് വാഷിംഗ്ടൺ ഡിസി വരെ നീളുന്ന, അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള വഞ്ചനയുടെയും ഡിജിറ്റൽ കൃത്രിമങ്ങളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും വലിയ ശൃംഖലയെയാണ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനായത്. 2023-2025 കാലയളവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. യുഎസ് പൗരന്മാർ ആയിരുന്നു ഇവരുടെ പ്രധാന ഇരകൾ
പ്രതികൾ ഇരകളുടെ കമ്പ്യൂട്ടറുകളിലും ബാങ്ക് അക്കൗണ്ടുകളിലും അനധികൃതമായി റിമോട്ട് ആക്സസ് നേടിക്കൊണ്ട് അവർ ഗൂഢാലോചനകൾ നടത്തി. ഇരകളുടെ ഫണ്ടുകൾ അപകടത്തിലാണെന്ന് അവകാശപ്പെട്ട്, പ്രതികൾ അവരെക്കൊണ്ട് പണം തങ്ങൾ നിയന്ത്രിക്കുന്ന ക്രിപ്റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റിച്ചു.’ സിബിഐ പ്രസ്താവനയിൽ പറയുന്നു. 350 കോടി രൂപയാണ് സംഘം ഇത്തരത്തിൽ തട്ടിയെടുത്തത്.
ഓപ്പറേഷനിടെ, ഒരു നിയമവിരുദ്ധ കോൾ സെന്ററിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന 34 പേരെ സിബിഐ കൈയോടെ പിടികൂടിയെന്നും പ്രസ്താവനയിൽ പറയുന്നു. അമൃത്സറിലെ ഖൽസ വനിതാ കോളേജിന് എതിർവശത്തുള്ള ഗ്ലോബൽ ടവറിൽ ‘ഡിജികാപ്‌സ് ദ ഫ്യൂച്ചർ ഓഫ് ഡിജിറ്റൽ’ എന്ന പേരിൽ പ്രതികൾ നടത്തിവന്ന കോൾ സെന്ററാണ് സിബിഐ കണ്ടെത്തിയത്. ഇവിടെ നടത്തിയ റെയ്ഡിൽ, ആഗോള തട്ടിപ്പിന്റെ കേന്ദ്രത്തിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകളും നിയമവിരുദ്ധമായ ആസ്തികളും കണ്ടെടുത്തു.
കൂടാതെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ 85 ഹാർഡ് ഡ്രൈവുകൾ, 16 ലാപ്‌ടോപ്പുകൾ, 44 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി പ്രസ്താവനയിൽ പറയുന്നു. ഓഗസ്റ്റ് 18-നാണ് സിബിഐ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശേഷം, ഓഗസ്റ്റ് 20-ഓടുകൂടി അമൃത്‌സറിലും ഡൽഹിയിലും തിരച്ചിൽ ആരംഭിച്ചതായും സിബിഐ പറയുന്നു.