ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിലെ ജാതി വിവേചനം നേരിട്ടുവെന്ന് പരാതി നൽകിയ ആളെ തസ്തികമാറ്റി പ്രതികാര നടപടി. പരാതിക്കാരൻ രഞ്ജിത്തിനെ ചൗക്കീദാർ തസ്തികയിൽ നിന്ന് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് മാറ്റി നിയമിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്ത്.
ഓഫീസ് അറ്റൻഡന്റ് ആയി നാളെ ചുമതല ഏൽക്കാനാണ് ഉത്തരവിലെ നിർദ്ദേശം. ജാതി വിവേചനം കാണിച്ചെന്ന രഞ്ജിത്തിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ആലപ്പുഴ കളക്ടറേറ്റിൽ അയിത്താചാരമെന്നായിരുന്നു രഞ്ജിത്തിൻ്റെ പരാതി. കൺട്രോൾ റൂമിലെ ചൗക്കിദാർമാരോട് ജാതി വിവേചനം കാണിച്ചെന്നാണ് പരാതിയിൽ പരാതി. ഹുസൂർ ശിരസ്തദാർ പ്രീത പ്രതാപനെതിരെ ആയിരുന്നു പരാതി. പ്രത്യേക ഹാജർ ബുക്ക് ഏർപ്പെടുത്തി അപമാനിച്ചെന്നായിരുന്നു ജീവനക്കാരുടെ പരാതി. സ്ഥിരം ജീവനക്കാർ ഒപ്പിടുന്ന ഹാജർ ബുക്കിൽ നിന്ന് വിലക്കിയെന്നും താത്ക്കാലിക ജീവനക്കാർക്കൊപ്പം ഒപ്പിടാൻ നിർദ്ദേശിച്ചെന്നും പരാതിക്കാർ പറയുന്നു.
കൂടാതെ ഇതു ചോദ്യം ചെയ്തപ്പോൾ പ്രത്യേക ഹാജർ ബുക്ക് നൽകി അപമാനിച്ചെന്നും ജീവനക്കാർ പറയുന്നു. പട്ടികജാതിക്കാരായ രണ്ട് പേരെ മാത്രം ഉൾപ്പെടുത്തി രജിസ്റ്റർ തയ്യാറാക്കി. എഡിഎമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കാര്യമാക്കണ്ടയെന്ന് പറഞ്ഞെന്നും കളക്ടറും നടപടിയെടുത്തില്ലെന്നും ജീവനക്കാരിലൊരാളുടെ ഭാര്യ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.