കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിംഗ് കൊച്ചിയിലെത്തിയത് അന്തരിച്ച അഭിഭാഷകൻ ബി എ ആളൂരിനെ കാണാനെന്ന് മൊഴി. ആളൂർ അന്തരിച്ച വിവരം ബണ്ടി ചോർ അറിഞ്ഞിരുന്നില്ല. കരുതൽ തടങ്കലെന്ന നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോർ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് കേരളത്തിൽ നിലവിൽ ഇയാൾക്കെതിരെ കേസുകളില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഡൽഹിയിൽ നിന്നുളള ട്രെയിനിൽ എറണാകുളം സൗത്ത് റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങിയ ബണ്ടി ചോറിനെ റെയിൽവെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ വിട്ടുകിട്ടാനായി ഹർജി നൽകാൻ എത്തിയതാണെന്നും അഭിഭാഷകനായ ആളൂരിനെ കാണാനാണ് താൻ വന്നതെന്നും ബണ്ടി ചോർ മൊഴി നൽകി. എന്നാൽ ഞായറാഴ്ച്ച വിവരം സ്ഥിരീകരിക്കാൻ പോലീസിനായില്ല. ഇതോടെ ഇയാളെ കസ്റ്റഡിൽ വയ്ക്കുകയായിരുന്നു. തുടർന്ന് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടി ചോർ പറഞ്ഞ കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് വിട്ടയച്ചത്.
അതേസമയം തൃശ്ശൂരിൽ ഉണ്ടായിരുന്ന കവർച്ചാ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടു കിട്ടണമെന്നായിരുന്നു ബണ്ടി ചോറിൻറെ ആവശ്യം. തൃശ്ശൂരിലെ കവർച്ചാ കേസിൽ ഇയാളെ വെറുതെ വിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.


















































