ചെന്നൈ: തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
കരൂർ കുളിത്തലൈ സ്വദേശിയായ വിശ്രുത് ആണ് 27 കാരിയായ ഭാര്യ ശ്രുതിയെ കൊലപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രണ്ട് മക്കളുണ്ട്. ചെന്നൈയിൽ ഡ്രൈവറായിരുന്നു വിശ്രുത്. ഇന്നലെ ഇയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി. വിശ്രുതിൻറെ മർദ്ദനത്തിൽ മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നാലരയോടെ ആശുപത്രിയിലെത്തിയ വിശ്രുത് ശ്രുതിയുടെ മുറിയിൽ കയറി അരയിലൊളിപ്പിച്ച കത്തി കൊണ്ട് മൂന്ന് തവണ കുത്തി. തൽക്ഷണം ശ്രുതി മരിച്ചു. ആശുപത്രി ജീവനക്കാർ എത്തും മുൻപേ വിശ്രുത് ഇറങ്ങിയോടി. ശ്രുതിയുടെ മൃതദേഹം കരൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജയലളിതയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി രാമസ്വാമിയുടെ മകനാണ് വിശ്രുത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
			



































                                






							






