തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന എഫ് 35 ബി എന്ന ബ്രിട്ടീഷ് യുദ്ധ വിമാനത്തിൻറെ അറ്റകുറ്റപണിക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. 25 പേരടങ്ങുന്ന സംഘമാണ് എത്തുന്നത്. ബ്രിട്ടീഷ് എയർഫോഴ്സിലെ എഞ്ചിനീയർമാർക്കൊപ്പം വിമാനം നിർമ്മിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ദധരും ഈ സംഘത്തിലുണ്ട്.
യുദ്ധവിമാനം കേടുപാടുകൾ തീർത്ത് തിരിച്ച് പറത്തികൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുമായിട്ടാണ് സംഘം എത്തുന്നത്. നിലവിൽ വിമാനം വിമാനത്താവളത്തിനുള്ളിലെ എയർഇന്ത്യയുടെ മെയ്ൻറേയിൻസ് ഹാൻഡിലിലാണുള്ളത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടി വന്നത്.
സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാന വാഹിനി കപ്പലിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്നതാണ് വിമാനം. പിന്നീട് തിരികെ കപ്പലിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം അതിന് സാധിച്ചിരുന്നില്ല. ഇതിനിടയിൽ വിമാനത്തിൻറെ ഇന്ധനം കുറഞ്ഞ് തുടങ്ങുകയും അടിയന്തരമായി ലാൻഡ് ചെയ്യണ്ട അവസ്ഥ എത്തിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
ഇതിനുശേഷം വിമാനവാഹിനി കപ്പലിലുള്ള എഞ്ചിനിയർമാർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ വിദഗ്ധ സംഘം ജൂലൈ രണ്ടിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോവുകയായിരുന്നു.
യുദ്ധവിമാനം നന്നാക്കാനായില്ലെങ്കിൽ ചില ഭാഗങ്ങൾ വേർപ്പെടുത്തിയശേഷം ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ -3 എന്ന കൂറ്റൻ വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് വിവരം. എഫ്-35 ബിയുടെ അറ്റകുറ്റപണി തുടങ്ങിയാൽ എന്നുതീരുമെന്നതിലടക്കം വിദഗ്ധ സംഘം എത്തുന്നതിലൂടെ വ്യക്തമാകും. കൂടുതൽ സങ്കീർണമായ അറ്റകുറ്റപണി ആവശ്യമാണെങ്കിൽ കയറ്റി അയക്കാനായിരിക്കും തീരുമാനം.
യുകെ,യുഎസ്, ഇന്ത്യൻ വ്യോമസേന എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി -ലിഫ്റ്ര് കാർഗോ വിമാനമാണ് ഗ്ലോബ്‍മാസ്റ്റർ. 77 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് രണ്ട് എഫ്-35 വിമാനങ്ങൾ വരെ വഹിക്കാനാകും. എന്നാൽ, എഫ്-35ൻറെ വലുപ്പം വെല്ലുവിളിയാണ്. 14 മീറ്റർനീളവും 11 മീറ്ററോളം വീതിയമുള്ള എഫ്-35 ബി വിമാനത്തിൻറെ ചിറക് നീക്കം ചെയ്താലെ ഗ്ലോബ്‍മാസ്റ്ററിൽ കയറ്റനാകു.26 മീറ്റർ വരെ നീളത്തിൽ കാർഗോ വഹിക്കാൻ കഴിയുമെങ്കിലും നാലു മീറ്റർ മാത്രമാണ് ഗ്ലോബ് മാസ്റ്ററിൻറെ വീതി.