പെഷവാർ: പാകിസ്താനിൽ വിവാഹവീട്ടിൽ ചവേർ ആക്രമണം. 7 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായീൽ ഖാൻ ജില്ലയിലാണ് ആക്രമണം നടന്നത്. സർക്കാർ അനുകൂല സംഘടനയിലെ നേതാവായി അറിയപ്പെടുന്ന നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണ് സ്‌ഫോടനം നടന്നത്. തീവ്രവാദികളെക്കുറിച്ച് സുരക്ഷ സേനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറുന്ന ഒരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്.
അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിഥി എന്ന വ്യാജേനയാണ് ഭീകരൻ വിവാഹചടങ്ങ് നടക്കുന്ന വീട്ടിൽ കയറിപ്പറ്റിയത്. നൃത്ത-സംഗീത പരിപാടി നടക്കുമ്പോൾ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങളും രക്തക്കറകളും സംഭവസ്ഥലത്ത് ചിതറിക്കിടക്കുകയാണ്.
ആക്രമണം നടക്കുമ്പോൾ അതിഥികൾ നൃത്തം ചെയ്യുകയായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തി കാരണം കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ഇത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നത് ദുഷ്‌കരമാക്കുകയും ചെയ്തു. പരിക്കേറ്റ 25 പേരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. സുരക്ഷാ സേന സ്ഥലം വളയുകയും ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.














































