കണ്ണൂർ: പഴയങ്ങാടി മാട്ടൂൽ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹം കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിന്റേ (രാജേഷ് –39) തെന്നാണു പ്രാഥമിക നിഗമനം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കാനുള്ള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്കു യുവാവിനൊപ്പംചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇരുവരും ഒരുമിച്ച് ചാടിയെങ്കിലും നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവതി പറഞ്ഞതനുസരിച്ച്, ഒപ്പം ചാടിയ യുവാവിനായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കണ്ടെത്താനായില്ല. അതേസമയം കോടതിയിൽ ഹാജരാക്കിയ യുവതിയെ തിങ്കളാഴ്ച തന്നെ ബന്ധുക്കൾക്കൊപ്പം വിട്ടിരുന്നു.