ഷിംല: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ബിജെപി എംപിയുടെ മണ്ഡലത്തിലെ ഡസൻ കണക്കിന് കുടുംബങ്ങൾ കഷ്ടപ്പെടുന്നതിനിടെയാണു കങ്കണയുടെ പ്രസ്താവന.
ബിജെപി നേതാവും മണാലിയിലെ മുൻ എംഎൽഎയുമായ ഗോവിന്ദ് സിങ് താക്കൂറിനൊപ്പമാണ് കങ്കണ സ്ഥലത്ത് എത്തിയത്. നാശനഷ്ടങ്ങളുടെ വ്യാപ്തി പ്രദേശവാസികൾ കങ്കണയെ ധരിപ്പിച്ചു. അതേസമയം മണാലിയിലെ തന്റെ റസ്റ്ററന്റിനുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സങ്കടം പറഞ്ഞ് ബിജെപി എംപി കങ്കണ റണാവത്ത്.
‘‘ഇന്നലെ എന്റെ റസ്റ്ററന്റിൽ വെറും 50 രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്, എന്നാൽ ഞാൻ 15 ലക്ഷം രൂപയാണു ശമ്പളമായി മുടക്കുന്നത്. എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഒരു ഹിമാചൽ പ്രദേശ് കാരിയാണ്, ഈ സ്ഥലത്തെ താമസക്കാരിയാണ്’’– കങ്കണ പറഞ്ഞു.
15 മുതൽ 16 വരെ വീടുകൾ താമസയോഗ്യമല്ലാതായി മാറിയെന്നും അവർ വിശദീകരിച്ചു.’ദി മൗണ്ടൻ സ്റ്റോറി’ എന്ന പേരിൽ ഈ വർഷം ആദ്യമാണു മണാലിയിൽ കങ്കണ റസ്റ്ററന്റ് ആരംഭിച്ചത്. ഹിമാചലിന്റെ തനത് വിഭവങ്ങൾ വിളമ്പുന്ന ഇടം എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ റസ്റ്ററന്റിന് പ്രചാരണം നൽകിയിരുന്നു. ജൂൺ 20-ന് ആരംഭിച്ച മൺസൂൺ കാലം സംസ്ഥാനത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (SEOC) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.