തിരുവനന്തപുരം: പി എം ശ്രീ പദ്ധതി വിവാദത്തിൽ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സർക്കാർ എന്ന പരാമർശത്തിനെതിരെ മുതിർന്ന സിപിഐഎഎം നേതാവ് എ കെ ബാലൻ. സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമർശമെന്ന് എ കെ ബാലൻ പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചതാണെന്നും, പിന്നീട് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എ കെ ബാലൻ പറഞ്ഞു.
പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നല്ല. സർക്കാരിനെ നയിക്കുന്ന പാർട്ടിയായതുകൊണ്ട് സിപിഐഎമ്മിന് വായിൽ തോന്നിയത് പറയാൻ സാധിക്കില്ല. സിപിഐയുടെ ഭാഗത്ത് നിന്ന് വന്ന ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അപമാനിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ കോലം കത്തിച്ചതും ചീത്തവിളിച്ചതുമെല്ലാം ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല.
എന്ത് സർക്കാർ എന്ന ബിനോയ് വിശ്വത്തിന്റെ ചോദ്യം പാടില്ലാത്തതായിരുന്നു. മന്ത്രി ജി ആർ അനിലിന്റെ അടുത്തിരുന്നാണ് അദ്ദേഹം ഇത് ചോദിച്ചത്. ഭരണഘടനാപരമായി സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു ഈ സമീപനം. ബിനോയ് ചെയ്തത് സർക്കാരിന്റെ നില നിൽപ്പിനെ ചോദ്യം ചെയ്യൽ ആണെന്നും അദ്ദേഹം പറഞ്ഞു.
			



































                                






							






