കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എൻജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേഡ് ഗ്രേഡ് ഓവർസീയർ തസ്തികയിൽ ജോലി നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലാവും നവനീത് ജോലിയിൽ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പുതിയ വീട് നിർമിച്ച് താക്കോൽ കൈമാറിയിരുന്നു. ഇതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.
ജൂലൈ 3ന് രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്.തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വർഷംമുൻപു പൊതുമരാമത്തുവകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.