ബർമിങ്ങാം: കണ്ടാൽ പറയുമോ ഇന്ത്യൻ അണ്ടർ 19 മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടുകാരെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തറ പറ്റിച്ചിട്ടുള്ള ഇരിപ്പാണ് അതെന്ന്. മുഖത്ത് 14 കാരന്റെ നിഷ്കളങ്കത, പക്ഷെ കളത്തിലിറങ്ങിയാൽ കളിയാകെ മാറും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം എജ്ബാസ്റ്റനിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഇരട്ടസെഞ്ചറിയുമായി കരുത്തുകാട്ടുമ്പോൾ, ഗാലറിയിൽ ശ്രദ്ധാകേന്ദ്രമായി ഇന്ത്യയുടെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പതിനാലുകാരൻ വൈഭവ് സൂര്യവംശി!
നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിൽ അംഗമായ വൈഭവ്, മറ്റ് ടീമംഗങ്ങൾക്കൊപ്പമാണ് ഇന്ത്യൻ സീനിയർ ടീമിന്റെ പ്രകടനം കാണാൻ എജ്ബാസ്റ്റനിൽ എത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ വീണുകിട്ടിയ ഇടവേളയിൽ ഗില്ലിന്റെയും സംഘത്തിന്റെയും പ്രകടനം നേരിട്ടുകാണാൻ ബിസിസിഐയാണ് അണ്ടർ 19 ടീമിനെ എജ്ബാസ്റ്റനിൽ എത്തിച്ചത്.
അതേസമയം ഇംഗ്ലീഷ് ബോളിങ്ങിനെ നിർഭയം നേരിട്ട് ഗിൽ ഇരട്ടസെഞ്ചറിയിലേക്ക് കുതിക്കുമ്പോളാണ് പൊടുന്നനെ ക്യാമറക്കണ്ണുകൾ സൂര്യവംശിയെ ഒപ്പിയെടുത്തത്. പിന്നാലെ കമന്ററി ബോക്സിലും ആ പതിനാലുകാരനായി താരം. ഇന്ത്യ– ഇംഗ്ലണ്ട് മത്സരത്തിന്റെ കമന്ററി പറയുകയായിരുന്ന മുൻ ഇംഗ്ലീഷ് താരം മൈക് ആതർട്ടന്റെയും മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെയും ചർച്ച ഇതോടെ ഇന്ത്യൻ അണ്ടർ 19 സംഘവുമായി ബന്ധപ്പെട്ടായി.
‘‘ഇന്ത്യൻ അണ്ടർ 19 ടീമിനെ ഇവിടെ കണ്ടതിൽ സന്തോഷം. അവരും ഇംഗ്ലണ്ടിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്’– കമന്ററിക്കിടെ മൈക് ആതർട്ടൻ പറഞ്ഞു.‘‘ഇന്ത്യൻ ടീമിന്റെ നായകൻ ആയുഷ് മാത്രെ ഈ സീസണിൽ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിരുന്നു. മികച്ച പ്രകടനമാണ് ചെന്നൈ ജഴ്സിയിൽ അദ്ദേഹം കാഴ്ചവച്ചത്. രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് സൂര്യവംശിയും ഞങ്ങളുടെ അഭിമാനമാണ്. ഈ ടീമിലുള്ള യുവതാരങ്ങളിൽ പലരേയും ഭാവിയിൽ ദേശീയ ടീമിലും ഐപിഎൽ ടീമുകളിലും കാണാനാകുമെന്ന് തീർച്ചയാണ്’– കമന്ററിക്കിടെ മുൻ ഇന്ത്യൻ താരം കൂടിയായ ദിനേഷ് കാർത്തിക്ക് പറഞ്ഞു.
Vaibhav Suryavanshi in the stands at the Edgbaston. pic.twitter.com/p7xMZoZdQf
— Mufaddal Vohra (@mufaddal_vohra) July 3, 2025
‘‘അതെ, ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ തന്നെ. ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഗിൽ. ക്ഷമിക്കണം, അദ്ദേഹം ക്യാപ്റ്റനായിരുന്നില്ല. ഇന്ത്യ കിരീടം നേടുമ്പോൾ പൃഥ്വി ഷായായിരുന്നു ക്യാപ്റ്റൻ. ഗിൽ ആ ടീമിൽ അംഗമായിരുന്നുവെന്നു മാത്രം’ – ആതർട്ടൻ വിശദീകരിച്ചു.
അതേസമയം നായകനായി കളിക്കളത്തിൽ നിറഞ്ഞാടിയ ഗില്ലിന്റെ മികവിൽ എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 587 റൺസ്. ഗിൽ 387 പന്തുകളിൽ 30 ഫോറും 3 സിക്സും ഉൾപ്പെടെ 269 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ 25 റൺസിനിടെ വീഴ്ത്തി പേസർമാരും ആഞ്ഞടിച്ചതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. രണ്ടാംദിനം അവസാനിക്കുമ്പോൾ 3ന് 77 എന്ന നിലയിലാണ് ആതിഥേയർ. ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (30) എന്നിവരാണ് ക്രീസിൽ.
യുവനിരയിലേക്കു വന്നാൽ വൈഭവ് സൂര്യവംശിയുടെ സൂപ്പർ പ്രകടനത്തിൽ (31 പന്തിൽ 86) ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ മറികടന്നാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 5 മത്സര പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തുകയും ചെയ്തു. 9 സിക്സും 6 ഫോറുമടിച്ച പതിനാലുകാരൻ സൂര്യവംശി അണ്ടർ 19 ക്രിക്കറ്റ് മത്സരത്തിൽ കൂടുതൽ സിക്സിന്റെ റെക്കോർഡും സ്വന്തമാക്കുകയും ചെയ്തു.