ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു റസ്റ്റോറന്റിൽ നടന്ന നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പിറന്നാൾ ആഘോഷം ബജ്‌റംഗ് ദൾ പ്രവർത്തകർ തടസപ്പെടുത്തിയതായി പരാതി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മുസ്ലിം സുഹൃത്തുക്കളെ പാർട്ടിയിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് വിദ്യാർത്ഥിനിയെയും അവളുടെ രണ്ട് മുസ്ലിം സുഹൃത്തുക്കളെയും ആക്രമിക്കുകയും വേദി വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.
പേര് വെളിപ്പെടുത്താത്ത ഹിന്ദു വിദ്യാർത്ഥിനി മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ- രാജേന്ദ്ര നഗറിലെ റസ്റ്റോറന്റിൽ പാർട്ടി നടക്കുന്നതിനിടെ ബജ്‌റംഗ് ദൾ അംഗങ്ങൾ ‘ലവ് ജിഹാദ്’ ആരോപിച്ച് ഞങ്ങളെ ആക്രമിച്ചു. പോലീസ് എത്തിയ ശേഷം ഞങ്ങളോടാണ് വീട്ടിലേക്ക് പോകാൻ പറഞ്ഞത്. ആക്രമികൾക്കെതിരെ നടപടിയുണ്ടായില്ല,”
പോലീസിൽ നൽകിയ പരാതിയിൽ,പാർട്ടിയിൽ 10 പേർ പങ്കെടുത്തിരുന്നുവെന്നും അതിൽ ആറുപേർ പെൺകുട്ടികളും നാലുപേർ ആൺകുട്ടികളുമായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. എല്ലാവരും തന്റേതായ സഹപാഠികളായതിനാലാണ് ക്ഷണിച്ചതെന്നും അവൾ വ്യക്തമാക്കി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഒരു ഹിന്ദു സംഘടനയിലെ ചില അംഗങ്ങൾ ഉന്നയിച്ച ‘ലവ് ജിഹാദ്’ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. “സംഭവം അന്വേഷിച്ചുവരികയാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും”ൃ സർക്കിൾ ഓഫീസർ അശുതോഷ് ശിവം പറഞ്ഞു,
അതേസമയം, സംഭവത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന ബജ്‌റംഗ് ദൾ നേതാവ് ബജ്‌റംഗ് താക്കൂർ, വിദ്യാർത്ഥികൾക്ക് തെറ്റായ കാര്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകിയതല്ലാതെ ആക്രമണം നടത്തിയിട്ടില്ലെന്നും തുടർന്ന് അവിടെ നിന്ന് പോയതാണെന്നും പ്രതികരിച്ചു.

















































