ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധ നേതാവും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നിരുന്ന ആളുമായ ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടർന്നുണ്ടായ കലാപം രൂക്ഷമാകുന്നു. തെരുവുകളിൽ കലാപകാരികളുടെ അഴിഞ്ഞാട്ടം. ലക്ഷ്മിപൂർ സദർ ഉപജില്ലയിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവിന്റെ വീടിന് തീയിട്ടു. സംഭവത്തിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന എഴുവയസുകാരി പൊള്ളലേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഭവാനിഗഞ്ച് യൂണിയൻ ബിഎൻപി അസിസ്റ്റന്റ് ഓർഗനൈസിംഗ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ മകൾ ആയിഷയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അതേസമയം അക്രമികൾ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയശേഷം പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു എന്ന് ബിലാലിന്റെ അമ്മ ഹസീറ ബീഗം പറഞ്ഞു. വാതിലുകൾ പൂട്ടിയതിനാൽ വീട്ടിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ബിലാൽ ഹുസൈൻ, മക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരുടെ ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റതിനാൽ ഇവരെ ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലേക്ക് മാറ്റി.
ബിലാലിന്റെ ഭാര്യ നജ്മ, നാല് മാസം പ്രായമുള്ള കുഞ്ഞ് അബീർ, ആറ് വയസുകാരനായ മകൻ ഹബീബ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിരവധി അവാമി ലീഗ് പ്രവർത്തകരുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാപം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു.

















































