ധാക്ക: ഐപിഎല്ലില്‍ നിന്നും പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയ നടപടിയില്‍ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും, ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെടാനാണ് തീരുമാനം. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി 20 ലോകകപ്പിലെ ആദ്യത്തെ മൂന്നു ഗ്രൂപ്പ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും അടുത്ത മത്സരം മുംബൈയിലുമാണ് കളിക്കേണ്ടത്. ഈ നാലു മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കൂടാതെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യുന്നത് അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാരിന് കത്തു നല്‍കാനാണ് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ബിസിസി യോഗത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്.
കരാറില്‍ ഉണ്ടായിരുന്നിട്ടും ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ലോകകപ്പ് കളിക്കാന്‍ ബംഗ്ലാദേശ് ദേശീയ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കണമെന്ന് കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ വക്താവ് ആസിഫ് നസ്രുള്‍ പറഞ്ഞു.













