കൊച്ചി: സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകൾ മെഡിക്കൽ ടൂറിസത്തിനുള്ള വഴിയായി മാറുന്നുവെന്ന പരാമർശവുമായി കേരളാ ഹൈക്കോടതി. ജയിലിൽ ചികിത്സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ആർക്കും ജാമ്യം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പാതിവില തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നായിരുന്നു .എൻ. ആനന്ദകുമാറിന്റെ ഹർജിയിൽ പറയുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയാണ് ആനന്ദകുമാർ അറസ്റ്റിലായത്. അതേസമയം ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം മെഡിക്കൽ ഗ്രൗണ്ടിൽ ജാമ്യം നൽകുന്ന പരിപാടി കുറേക്കാലമായി നിർത്തിവച്ചിരിക്കുകയാണെന്ന് കോടതി വാക്കാൽ പറഞ്ഞു. ഇതിനു കാരണമായി മുൻപുണ്ടായ ചില ജാമ്യഹർജികളും ചൂണ്ടിക്കാട്ടാൻ കോടതി മറന്നില്ല. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഗുരുതരമാണെന്നും പറഞ്ഞതിനാലാണ് അന്ന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും തയാറായി ആ നേതാവ്.
അതുപോലെ, ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പിസി ജോർജിന്റെ മുൻകൂർ ജാമ്യഹർജി ആദ്യം തള്ളിയിരുന്നു. പിന്നീട് അറസ്റ്റിലായപ്പോൾ നേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചപ്പോൾ, സാധാരണ ആശുപത്രിയിൽ പോകാത്ത പിതാവിന്റെ ആരോഗ്യ പരിശോധനയെല്ലാം നടത്താൻ അറസ്റ്റ്മൂലം കഴിഞ്ഞതിന് പരാതിക്കാരനോട് നന്ദിയുണ്ട് എന്നാണ് ജോർജിന്റെ മകൻ മാധ്യമങ്ങളോടു പറഞ്ഞത്. പി.സി. ജോർജിന്റെ മകൻ പരോക്ഷമായി പറഞ്ഞത് കോടതിയോടും കൂടിയാണ്. ഇത് മെഡിക്കൽ ടൂറിസമാണോ? കേരളത്തിലെ വലിയ ആളുകളുടെ ജാമ്യാപേക്ഷകളൊക്കെ ഇപ്പോൾ മെഡിക്കൽ ടൂറിസമായി മാറുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
അതേസമയെ ഹർജിക്കാരന് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പു വരുത്താനും കോടതി നിർദേശിച്ചു. ജയിലിൽ ലഭ്യമാവാത്ത എന്തെങ്കിലും ചികിത്സ വേണ്ടതുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാൻ കോടതി പറഞ്ഞു. കേസിന്റെ മെറിറ്റ് അനുസരിച്ച് വാദം കേൾക്കാൻ തയാറാണ്. ഈ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ തന്നെ തന്റെ പേരും ചിത്രവുമൊക്കെ ഒഴിവാക്കാൻ ഹൈക്കോടതി മുൻ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരൻ അത് ചെയ്തോയെന്ന് കോടതി ആരാഞ്ഞു. ഈ സാഹചര്യത്തിൽ മെറിറ്റിൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.