വാഷിങ്ടൻ: ഒരുകാലത്ത് യുഎസ് വ്യോമത്താവളമായിരുന്ന ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം തിരികെ നൽകിയില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2001 സെപ്റ്റംബർ 11 ലെ ആക്രമണങ്ങൾക്കു ശേഷമാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ സൈനിക നിയന്ത്രണം ഏറ്റെടുത്തത്. 2021 ൽ യുഎസ് സൈന്യം പിൻവാങ്ങിയതോടെ താവളത്തിന്റെ നിയന്ത്രണം താലിബാനായി. ഇതിനിടെ യുഎസ് പിന്തുണയുള്ള കാബൂളിലെ സർക്കാരിനെ താലിബാൻ അട്ടിമറിച്ചു.
ഇതിനിടെ താവളം തിരികെ വേണമെന്ന ആവശ്യവുമായി അമേരിക്കയെത്തി. താവളം തിരികെ ലഭിക്കാൻ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ നടക്കുകയാണെന്നും ട്രംപ് പറഞ്ഞു. ബഗ്രാം വ്യോമത്താവളം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ വീണ്ടും ഒരു അധിനിവേശത്തിലേക്ക് നയിക്കുമെന്നും അതിന് 10,000 ൽ അധികം സൈനികരെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ആവശ്യമായി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതോടെതാവളം തിരികെ പിടിക്കാൻ സൈന്യത്തെ അയയ്ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്.
അതേസമയം ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേയും വ്യക്തമാക്കിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്, യുഎസ് സേന അഫ്ഗാനിലേക്ക് തിരിച്ചെത്തുമെന്ന സൂചന ട്രംപ് നൽകിയത്. യുഎസ് സാന്നിധ്യം ആവശ്യമില്ലെന്നാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.