നവിമുംബൈ: ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഹാർബർ ലൈൻ ലോക്കൽ ട്രെയിനിൽ 30നും 35നും ഇടയിൽ പ്രായമുള്ള യുവതി കുഞ്ഞിനെ സഹയാത്രക്കാരെ ഏൽപ്പിച്ച് മുങ്ങിയത്. ഡോറിന് സമീപത്തായി നിലത്ത് കുഞ്ഞുമായി ഇരുന്ന സ്ത്രീയോട് സുരക്ഷിതമായി ഇരിക്കാൻ ആവശ്യപ്പെട്ട സഹയാത്രികമാരോട് യുവതി പെട്ടന്ന് ചങ്ങാത്തത്തിലായി.
സീവുഡ്സ് സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുൻപായി ഒരുപാട് ബാഗുകൾ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്ന് പിടിക്കാമോയെന്നും യുവതി ഇവരോട് ചോദിച്ചു. 12.30ആയതോടെ ട്രെയിൻ സീ വുഡ്സ് സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിൽ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകൾ ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്ത് നിന്നു. എന്നാൽ യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിൻ സ്റ്റേഷൻ വിടുകയും ചെയ്തു. അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം കുഞ്ഞുമായി പ്ലാറ്റ്ഫോമിൽ കാത്തിരുന്നു.
വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികർ പൊലീസിൽ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ യുതി പൻവേലിന് തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് താനെ ഭിവണ്ടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ബാസ്ക്കറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.