ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയെന്ന ചരിത്രം കുറിച്ചുകൊണ്ട് ശുഭാംശു ശുക്ല ഭൂമിതൊട്ടു. 18 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങിയ ശേഷം ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു. ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേർപെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അൺഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷർ). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂർ നീണ്ട യാത്ര ഇന്നു പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്ത് അവസാനിപ്പിച്ചു.
ഇനിയുള്ള ഏഴു ദിവസം ജോൺസൺ സ്പേസ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റേയും സംഘത്തിന്റേയും ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തിയിട്ടുണ്ട്.
14 ദിവസത്തെ ദൗത്യത്തിനുപോയ സംഘം 18 ദിവസം നിലയത്തിൽ താമസിച്ചിരുന്നു. ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിൽ ജൂൺ 26 നാണ് സംഘം നിലയത്തിലെത്തിയത്.