ലഖ്നൗ: ഹിന്ദുത്വ സംഘടനകളുടെ കടുത്ത ഭീഷണിയെത്തുടര്‍ന്ന് ചത്രപതി സാംഭാജി നഗറിലെ ഔറംഗസേബിന്റെ സ്മാരകം ഡ്രോണ്‍ നിരോധിത മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഔറംഗസേബ് വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ കണ്ടെത്തി നീക്കം ചെയ്തുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പത്ത് പേരടങ്ങുന്ന പൊലീസ് സംഘം 24 മണിക്കൂറും ചത്രപതി സാംഭാജി നഗറില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിനോടകം 506 പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലംഗീര്‍, ഐറംഗസേബ് എന്നീ ഹാഷ്ടാഗുകളിലാണ് വിദ്വേഷ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. നേരത്തെ സംസ്ഥാനത്തുനിന്നും ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് ഒടുവിൽ ഹിന്ദു-മുസ്ലിം സംഘർഷത്തിലാണ് കലാശിച്ചത്.