തൃശൂർ: ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് സുപ്രധാന വെളിപ്പെടുത്തൽ. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോൺസർഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്ന് ദേവസ്വം പറയുന്നു.
2019-20 കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴായിരുന്നു സംഭവം. ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപ്പിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞതിന്റെ വെളിപ്പെടുത്തലാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിജിലൻസ് ഓഫീസറായിരുന്ന ആർ കെ ജയരാജ് നടത്തിയത്. 2019-20 കാലയളവിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായിൽ 100 കോടിരൂപയുടെ പദ്ധതിയുമായി ബെംഗ്ലരൂരു സ്വദേശിയായ ഗണശ്രാവൺ എന്നയാളാണ് എത്തിയത്. വലിയ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തത്. മുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ എത്തിയതെന്നും ആർ കെ ജയരാജ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലൂടെ വെളിപ്പെടുത്തി.
സ്പോൺസറായെത്തിയ ഇയാൾക്ക് ക്ഷേത്രത്തിൽ വലിയ സ്വാതന്ത്ര്യം നൽകിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 6 മാസത്തോളം അവിടെ തുടർന്നു. എന്നാൽ അന്വേഷണത്തിൽ വാഗ്ദാനങ്ങളെല്ലാം കള്ളമാണെന്ന് വെളിപ്പെട്ടു. ആന്ധ്രയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളുടെ പേരിൽ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും വ്യവസായി നൽകിയ വിലാസവും ആസ്തിയുമുൾപ്പെടെ വ്യാജമാണെന്ന തിരിച്ചറിവ് പിന്നാലെയാണ് പദ്ധതി ഒഴിവാക്കിയത്. സ്പോൺസർക്ക് കൃത്യമായ പദ്ധതി നൽകാൻ കഴിയാത്തത് കൊണ്ട് അന്ന് തന്നെ പദ്ധതി ഉപേക്ഷിച്ചതായി ചോറ്റാനിക്കര ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.



















































