കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ തല്ലിപ്പരുക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പോലീസ് ഓഫീസർക്കുമെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
കൂടാതെ സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും. അതേസമയം, ഷാഫിക്ക് പരുക്കേൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. ഇതിനിടെ പോലീസ് നടപടിയിൽ വെട്ടിലായെങ്കിലും പ്രതിരോധം തീർക്കാനാണ് സിപിഎം ശ്രമം.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ ഷാഫി പറമ്പിലിനു മർദനമേറ്റ സംഭവത്തിൽ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കൂടാതെ പ്രാദേശിക തലത്തിൽ പ്രതിഷേധ പരിപാടികൾ തുടരാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ അടുത്ത ഘട്ടമായി മർദനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് തന്നെ മാർച്ച് നടത്തുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ വ്യക്തമാക്കി.
അതേസമയം, പോലീസ് നടപടിയെ ന്യായീകരിച്ച് പേരാമ്പ്രയിൽ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേ പേരാമ്പ്രയിലെ വിഷയം ഷാഫി പറമ്പിലിന് അനുകൂലമായി നീങ്ങുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ പോലീസ് നടപടിയെ ന്യായീകരിച്ച് വിഷയം തിരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തിലൂടെ സ്കോർ ചെയ്ത് നിന്ന സിപിഎമ്മിന് കനത്ത അടി നൽകുന്നതാണ് പോലീസിന്റെ നടപടി. ഇതോടെ ഷാഫിക്ക് പോലീസ് മർദനത്തിലല്ല പരുക്കേറ്റതെന്ന എസ്പിയുടെ വാദം സിപിഎം ഏറ്റെടുത്തിരുന്നെങ്കിലും അടപടലം പാളിപ്പോകുകയും ചെയ്തു. പോലീസ് ലാത്തിയടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതും തിരിച്ചടിയായി. ഇത് മറികടക്കാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ജനങ്ങളിലേക്കിറങ്ങാനാണ് സിപിഎം തീരുമാനം. എംപിയുടെ നേതൃത്വത്തിൽ ആസൂത്രിതമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നതാണ് സിപിഎം ആരോപണം. ഇക്കാര്യം ഉയർത്തിക്കാട്ടി ചൊവ്വാഴ്ച പേരാമ്പ്ര നഗരത്തിൽ പൊതുയോഗം സംഘടിപ്പിക്കും.