ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്കെതിരെ ആക്രമണം നടന്നാൽ അത് ഇറാൻ രാഷ്ട്രത്തിനെതിരായ “പൂർണയുദ്ധ പ്രഖ്യാപനമായി” കണക്കാക്കുമെന്ന് ട്രംപിനു മുന്നറിയിപ്പുമായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാക്കേറ്റം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പെസെഷ്‌കിയാൻ മുന്നറിയിപ്പ്. “നമ്മുടെ മഹാനായ നേതാവിനെതിരെയുള്ള ഏതൊരു ആക്രമണവും ഇറാൻ ജനതയ്‌ക്കെതിരായ സമ്പൂർണ യുദ്ധത്തിന് തുല്യമായിരിക്കും,” അദ്ദേഹം കുറിച്ചു.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ “മനുഷ്യത്വരഹിതമായ ഉപരോധങ്ങളും ദീർഘകാല ശത്രുതയും” ആണെന്നും പെസെഷ്‌കിയാൻ ആരോപിച്ചു. ഈ ഉപരോധങ്ങളാണ് ഇറാൻ ജനത നേരിടുന്ന ദുരിതങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശനിയാഴ്ച ഇറാനിലെ ആഭ്യന്തര അശാന്തിക്കാലത്ത് ഉണ്ടായ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ട്രംപിനെയാണ് ഉത്തരവാദിയെന്ന് ഖമേനിയും കുറ്റപ്പെടുത്തിയിരുന്നു. ട്രംപിനെ അദ്ദേഹം “കുറ്റവാളി” എന്നും വിശേഷിപ്പിച്ചിരുന്നു.
അതേസമയം, ഇറാനിൽ പുതിയ നേതൃത്വം ആവശ്യമാണെന്നു പറഞ്ഞ ട്രംപ് ഖമേനിയുടെ ദശകങ്ങളായുള്ള ഭരണത്തിന് അവസാനമുണ്ടാകണമെന്നും അഭിപ്രായപ്പെട്ടിരു്നനു. രാഷ്ട്രീയ അടിച്ചമർത്തലും സാമ്പത്തിക ദുരിതവും മനുഷ്യാവകാശ ലംഘനങ്ങളും മൂലമാണ് രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാൻ ഭരണം ഭീതിയിലൂടെയും അക്രമത്തിലൂടെയുമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച ട്രംപ്, എതിർസ്വരങ്ങളെ അടിച്ചമർത്താൻ അസാധാരണമായ അക്രമം ഉപയോഗിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഖമേനിയുടെ നേതൃത്വമാണ് രാജ്യത്തിന്റെ പൂർണ തകർച്ചയ്ക്ക് കാരണമെന്നാണ് ട്രംപിന്റെ ആരോപണം.















































