കൊച്ചി: സിനിമാ താരമെന്ന പരിഗണനയിൽ രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ചു കയറിയ എം മുകേഷിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലംകാർ പൊട്ടിച്ചതോടെ ഇനി മത്സരിപ്പിക്കില്ലെന്ന് സൂചന. ലോക്സഭയിലെ തോൽവിയും ലൈംഗികാതിക്രമ കേസും പാർട്ടിയെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. കൂടാതെ ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നടപടിയെടുക്കുകയും കൂടി ചെയ്തതോടെ കെട്ടടങ്ങിയ താരതമ്യ പഠനം പൊതുസമൂഹം വീണ്ടും ചർച്ച ചെയ്യുകകൂടി ചെയ്യുന്ന സാഹചര്യത്തിൽ.
ഇതോടെ മുകേഷിന് പകരമാരെന്ന ചർച്ച സിപിഎമ്മിൽ സജീവമായിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കിൽ പൊതു സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ ഇടതുപക്ഷത്തിന് പരീക്ഷിച്ചേ മതിയാകൂ.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹൻറെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള ബന്ധം ജയമോഹന് മുൻതൂക്കം നൽകുന്നു. അതുപോലെ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പികെ ഗോപനും പാർട്ടിയുടെ പരിഗണനയിലുണ്ട്.
2016 ൽ 17611വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയിലെത്തിയത്. 2021ൽ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുത്തനെ കുറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കാൻ മുകേഷിനെ മത്സരിപ്പിച്ച പാർട്ടിക്ക് അടിപതറി. ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിൻറെ ഭൂരിപക്ഷത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിച്ചു. ഇതോടെ സിറ്റിങ് സീറ്റ് നിലനിർത്താൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥി ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.














































