ഗുവാഹത്തി: വാഹനം ഇടിച്ചു യുവാവ് കൊല്ലപ്പെടുത്തിയ കേസിൽ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്. പിന്നാലെ ഇവർ നിർത്താതെ വാഹനം ഓടിച്ചുപോവുകയായിരുന്നു. ജൂലൈ 25നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് അറസ്റ്റിലായ നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ പാൻബസാർ വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിസ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്.