ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ യുഎഇയ്ക്കെതിരായ മത്സരത്തിനു ഗ്രൗണ്ടിലിറങ്ങാൻ വൈകിയ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ആരംഭിച്ചു. കൂടാതെ പാക് ടീം നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും ഐസിസി വിലയിരുത്തി.
ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം നടത്താതിരുന്ന സംഭവത്തിനു കാരണക്കാരൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണന്ന് ആരോപിച്ചായിരുന്നു യുഎഇയ്ക്കെതിരെ പാക്കിസ്ഥാൻ ബഹിഷ്കരണ ഭീഷണിയിറക്കിയത്.
അതു വിലപ്പോകാതെ വന്നതോടെ ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ജയിച്ച പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലെത്തിയെങ്കിലും, മത്സരദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഗൗരവമായ ചട്ടലംഘനങ്ങളാണെന്ന് ഐസിസി വിലയിരുത്തി. ഇതു ചൂണ്ടിക്കാട്ടി ഐസിസി സിഇഒ സാൻജോങ് ഗുപ്ത പാക്ക് ക്രിക്കറ്റ് ബോർഡിന് (പിസിബി) ഇ–മെയിൽ അയച്ചു.
മാത്രമല്ല യുഎഇയ്ക്കെതിരായ മത്സരത്തിലും മാച്ച് റഫറിയായിരുന്ന പൈക്രോഫ്റ്റുമായി പാക്ക് കോച്ച് മൈക്ക് ഹെസനും ക്യാപ്റ്റൻ സൽമാൻ ആഗയും ചർച്ച നടത്തുന്നിടത്തു പാക്ക് ടീമിന്റെ മീഡിയ മാനേജർ നയീം ഗിലാനി പ്രവേശിച്ചതു ഗൗരവമുള്ള വീഴ്ചയായി വിലയിരുക്കുന്നു. മീഡിയ മാനേജർ ചർച്ചയ്ക്കു പ്രവേശിച്ചതു കൂടാതെ ചർച്ചയുടെ വീഡിയോ ഗിലാനി മൊബൈൽ ഫോണിൽ പകർത്തിയതും ചട്ടലംഘനമാണ്. ടീം മാനേജർമാർക്കു പ്രവേശനമില്ലാത്ത സ്ഥലത്ത് ഗീലാനി കടന്നതിൽ ഐസിസി വിശദീകരണം ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യ– പാക്ക് മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റ് ക്ഷമാപണം നടത്തിയെന്ന പിസിബിയുടെ പത്രക്കുറിപ്പും ഐസിസി പാടെതള്ളി. ആശയവിനിമയത്തിലുണ്ടായ അപാകതയിൽ പൈക്രോഫ്റ്റ് ഖേദം പ്രകടിപ്പിക്കുക മാത്രമായിരുന്നു അല്ലാതെ മാപ്പ് പറഞ്ഞതല്ലെന്നും ഐസിസി വിശദീകരിച്ചു.
Pakistan seeking answers from Andy Pycroft as if he did some crime.
I’m sure they didn’t even treat their fixers like this. Shameless.
Also cowards didn’t even add audio purposely to show him down.
I feel for Mike Hesson who’s a part of this circus.pic.twitter.com/Nzp6DuzwHz
— Sameer Allana (@HitmanCricket) September 17, 2025