41 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഏഷ്യാകപ്പ് ഫൈനലിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടുന്നത്. കലാശപ്പോരിൽ തുടക്കത്തിൽ അൽപമൊന്നു വിയർത്തെങ്കിലും പാക്കിസ്ഥാനെന്ന എതിരാളിയെ തറപറ്റിച്ച് ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടവും സ്വന്തമാക്കി. മുൻപ് ശ്രീലങ്കയും ബംഗ്ലദേശും ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയോട് പല തവണ പൊരുതിവീണിട്ടുണ്ട്. പക്ഷേ പാക്കിസ്ഥാനെതിരായ ഫൈനൽ വിജയം ആദ്യം.
തുടക്കത്തിൽ പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയെങ്കിലും തിലകും സഞ്ജുവും ചേർന്ന് വഞ്ചി കരക്കേക്കടുപ്പിക്കുകയായിരുന്നു. സഞ്ജു പോയെങ്കിലും ദുബെയെ കൂട്ടു പിടിച്ച് തിലക് വഞ്ചി കരയ്ക്കെത്തിച്ചു. പിന്നെ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് കുറ്റിനാട്ടി ഉറപ്പിക്കേണ്ട ജോലിയേയുണ്ടായിരുന്നുള്ളു.
പാക്കിസ്ഥാനെതിരായ കലാശപ്പോരിൽ അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 146 റൺസെടുത്തു പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ വിജയ തിലകം ചൂടി
ചരിത്രത്തിലെ ഇന്ത്യയുടെ ഏഷ്യാകപ്പ് വിജയങ്ങൾ
ആദ്യ ഏഷ്യാകപ്പും നടന്നത് 1983–84ൽ യുഎഇയിലായിരുന്നു. അന്നു ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും മത്സരിച്ച ത്രിരാഷ്ട്ര ടൂർണമെന്റിൽ പോയിന്റ് അടിസ്ഥാനത്തിൽ ഇന്ത്യ കിരീടം നേടി. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 10 വിക്കറ്റ് വിജയവും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ 54 റൺസ് വിജയവും ഇന്ത്യ സ്വന്തമാക്കി. പോയിന്റ് ടേബിളിൽ എട്ടു പോയിന്റുമായി ഇന്ത്യ ഒന്നാമതും നാലു പോയിന്റുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാന് ഒരു മത്സരം പോലും ജയിക്കാൻ സാധിക്കില്ല. സുനിൽ ഗാവസ്കറായിരുന്നു ഇന്ത്യയെ ആദ്യ ഏഷ്യാകപ്പ് കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ.
അടുത്ത ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുത്തില്ല. പിന്നീട് 1988–89ൽ ബംഗ്ലദേശിൽ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യ വീണ്ടും വിജയികളായി. ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു പോരാട്ടം.
തുടർന്ന് 91ലെ ഏഷ്യാകപ്പിൽ പങ്കെടുത്തത് മൂന്നു ടീമുകൾ, ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക. ഫൈനലിൽ ഇന്ത്യ– ശ്രീലങ്ക പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ജേതാക്കളായി.
95ൽ യുഎഇയിൽ നടന്ന ടൂർണമെന്റിൽ വിജയിച്ച് ഇന്ത്യ ഹാട്രിക് കിരീടം സ്വന്തമാക്കി. പാക്കിസ്ഥാനുൾപ്പടെ കളിച്ച ഏഷ്യാകപ്പിന്റെ കലാശപ്പോരിൽ വീണ്ടും ഇന്ത്യ– ശ്രീലങ്ക ഫൈനൽ. ഫൈനലിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിനായിരുന്നു വിജയം.
പിന്നീട് 1997 മുതൽ 2008 വരെ നാല് ഏഷ്യാകപ്പുകൾ പിന്നീട് നടന്നെങ്കിലും ഒന്നിലും കിരീടത്തിലെത്താൻ ഇന്ത്യയ്ക്കു സാധിച്ചില്ല. 1997, 2004, 2008 വർഷങ്ങളിൽ ശ്രീലങ്കയും 2000ൽ പാക്കിസ്ഥാനും ചാംപ്യൻമാരായി.
2010ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് നീണ്ട 15 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ വീണ്ടും ഏഷ്യാകപ്പ് വിജയിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ കലാശപ്പോരിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 268 റൺസടിച്ചു. ഗൗതം ഗംഭീറിനൊപ്പം ഓപ്പണറായി ഇറങ്ങിയ ദിനേഷ് കാർത്തിക്ക് അർധ സെഞ്ചറി നേടി തിളങ്ങി. 84 പന്തുകൾ നേരിട്ട ദിനേഷ് കാർത്തിക്ക് 66 റൺസടിച്ചു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 187ന് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 81 റൺസ് വിജയം.
പിന്നീട് 2016ൽ ഏഷ്യാകപ്പ് ആദ്യമായി ട്വന്റി20 ഫോർമാറ്റിൽ നടത്തിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു കിരീടം. അന്നു ബംഗ്ലാദേശായിരുന്നു എതിരാളികൾ.15 ഓവറായി ചുരുക്കിയ ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 120 റൺസ്. മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കണ്ടു. 44 പന്തിൽ 60 റൺസടിച്ച ശിഖർ ധവാൻ കളിയിലെ താരമായി.
2018ൽ ഇന്ത്യ വീണ്ടും ഏഷ്യാകപ്പ് ഫൈനൽ കളിച്ചു. വീണ്ടും എതിരാളികൾ ബംഗ്ലദേശ്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ എം.എസ്. ധോണി വിക്കറ്റ് കീപ്പറായി കളിച്ച ടൂർണമെന്റായിരുന്നു ഇത്. ഇന്നു മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
എന്നാൽ 2023 ലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ ഇന്ത്യ 50ന് പുറത്താക്കി ഞെട്ടിച്ചു. ഏഴോവറുകൾ പന്തെറിഞ്ഞ പേസർ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കയെ തകർത്തെറിയുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 6.1 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ വിജയ റൺസ് കുറിച്ചു. 263 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ 10 വിക്കറ്റ് വിജയത്തിലെത്തിയത്.