തിരുവനന്തപുരം: ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന്റെ ലേഖനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സമരരംഗത്തുള്ള ആശ വർക്കർമാർ. എളമരം കരീം എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ല. എളമരം കരീം പറയുന്നതുപോലുള്ളവരുടെ പിന്തുണയൊന്നും തങ്ങളുടെ സമരത്തിനില്ലെന്നും അവർ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം പതിനഞ്ച് ദിവസമായിരിക്കുകയാണ്. ഇതിനിടെയാണ് ലേഖനത്തിൽ ആശാവർക്കർമാർക്കെതിരെ വിമർശനവുമായി എളമരം കരീം രംഗത്തെത്തിയത്.
തങ്ങൾ സമരം ചെയ്യുന്നത് പണിയെടുക്കുന്നതിനുള്ള വേതനം കിട്ടുന്നതിനായാണ്. പിരിഞ്ഞുപോകുമ്പോൾ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കിട്ടണം. തങ്ങൾക്കും മനുഷ്യരായി ജീവിക്കാൻ പറ്റുന്ന നിലയിലെത്തണം. അതിനുവേണ്ടി സമരത്തിന് വന്നവരെ ഈ രീതിയിൽ അവഹേളിക്കുക എന്നുപറഞ്ഞാൽ, അതും തൊഴിലാളി വർഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരമാണെന്നും അവർ പറഞ്ഞു.
തങ്ങളുടെ സമരപ്പന്തലിൽ ഒരു രാഷ്ട്രീയപ്പാർട്ടികളുടേയും കൊടിയില്ല. എന്നിട്ടും ഇങ്ങനെ ഒരു ആരോപണം വന്നതെങ്ങനെയെന്ന് അറിയില്ല. സമരത്തിനിരിക്കുന്നവരിൽ ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയമുണ്ട്. അവരിൽ കോൺഗ്രസുകാരും സിപിഎമ്മുകാരും എല്ലാവരും ഇക്കൂട്ടത്തിലുണ്ട്. കൊടിയുടെ നിറം നോക്കാതെ, കക്ഷി രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായാണ് ഞങ്ങളിവിടെ ഒന്നിച്ചുനിൽക്കുന്നത്. ആശമാർ ഓരോ വീടുകളിലും ചെല്ലുന്നത് അവർ ഏത് രാഷ്ട്രീയപ്പാർട്ടിക്കാരാണ് എന്ന് നോക്കിയല്ലെന്നും പ്രതിഷേധക്കാരു
ടെ വാക്കുകൾ
ആരോഗ്യമേഖലയിലെ അടിസ്ഥാന വിഭാഗമായി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. വലിയൊരു ബന്ധമാണ് ജനങ്ങളുമായുള്ളത്. അവിടെ രാഷ്ട്രീയം നോക്കിയല്ല പണിയെടുക്കുന്നത്. മുഖ്യമന്ത്രി ഇതിനകംതന്നെ പ്രശ്നത്തിൽ ഇടപെടണമായിരുന്നു. നവോത്ഥാന കേരളമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് തങ്ങളുടെ സമരം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.