തിരുവനന്തപുരം: മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധം കടുപ്പിച്ച് ആശമാർ. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. ‘ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു. മുലക്കരത്തിന് എതിരെ മുല ഛേദിച്ച് നടത്തിയ സമരത്തെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ആത്മാഭിമാനത്തിനു വേണ്ടിയാണ് ഈ സമരമെന്നും മിനി പറഞ്ഞു.
അധികാരികളുടെ മുന്നിൽ അടിമയായി നിന്നു പണിയെടുത്താൽ കിട്ടുന്ന 232 രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യമെന്നും മിനി പറഞ്ഞു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു