ശ്രീനഗർ: യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്കെത്തിക്കുന്നു, രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് എതിര്, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അരുന്ധതി റോയിയുടെയടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി. അരുന്ധതി റോയിയുടെ ആസാദി, ഭരണഘടനാ വിദഗ്ധൻ എ ജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്.
ചരിത്രപരമോ, രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ഈ പുസ്തകങ്ങൾ, യുവാക്കളുടെ മനസിനെ സ്വാധീനിക്കുകയും സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിരോധനമെന്നും വ്യക്തമാക്കി ലെഫ്റ്റനന്റ് ഗവർണറാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂർണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ വിവിധ വകുപ്പുകൾക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസിനും കൈമാറിയിട്ടുണ്ട്.