കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്.
സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. കൈയ്ക്ക് മുകളിൽ ഇടുന്ന ഗ്ലൗസും മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഈ ഉപകരണം വിനോദിനിക്ക് വലിയ സഹായമാകും. അതുപോലെ സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ദർ പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ അതു ഒൻപതുകാരിക്ക് സമ്മാനിച്ചത് തീരാ വേദനയായിരുന്നു. ചികിത്സാ പിഴവിനെ തുടർന്ന് പഴുത്തതോടെ കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നു. ഇതോടെ സ്‌കൂളിൽ പോകാൻ പോലും കഴിയാതെ വിനോദിനിയുടെ ജീവിതം പ്രതിസന്ധിയിലായി.
ഇതോടെ മാതാപിതാക്കൾ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെയും മറ്റും സമീപിച്ചെങ്കിലും അവിടെ നിന്നെല്ലാം മുഖം തിരിക്കുന്ന സമീപനമാണുണ്ടായത്. ഇതിനിടെ പ്രതിപക്ഷ നേതാവ് വിനോദിനിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. കുട്ടിയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുത്തു. ഇതോടെ വീണ്ടും സ്‌കൂളിലേക്ക് സ്‌കൂളിലേക്ക് പോകാനാകുമെന്ന സന്തോഷത്തിലാണു കുഞ്ഞു വിനോദിനി.

















































