വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണംകൂടി. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശിയായ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലൻ. വയനാട്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളും.
ചൊവ്വാഴ്ച രാത്രി ഊരിലേക്ക് നടന്നു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ കടയിൽനിന്നും സാധാനങ്ങൾ വാങ്ങി മടങ്ങി വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇതോടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമാക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ബാലൻ. ചൊവ്വാഴ്ച വയനാട് നൂൽപ്പുഴയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മനു എന്ന ആദിവാസി യുവാവിന് ജീവൻ നഷ്ടമായിരുന്നു.
കേരള അതിർത്തിയോടു ചേർന്ന തമിഴ്നാട് അന്പലമൂല വെള്ളരിയിലെ നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (45), മടത്തറ ശാസ്താനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശി ബാബു (54) ഇടുക്കി സ്വദേശിനി സോഫിയ (45) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്.