അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ഗതാഗതം സ്തംഭിപ്പിച്ച് പാനിപൂരി കച്ചവടക്കാരനും യുവതിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. പാനിപൂരി എണ്ണം കുറച്ച് കച്ചവടക്കാരന്‍ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആയിരുന്നു യുവതിയും പാനിപൂരി കച്ചവടക്കാരനും തമ്മിലുള്ള തര്‍ക്കം അരങ്ങേറിയത്. 20 രൂപയ്ക്ക് നാല് പാനിപൂരി നല്‍കിയ കച്ചവടക്കാരന്റെ നടപടിയാണ് യുവതിയെ പ്രകോപിപ്പിച്ചത്. ആറ് പാനിപൂരി നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. കച്ചവടക്കാരന്‍ ഇതിന് വിസമ്മതിച്ചതോടെ സ്ത്രീ പ്രതിഷേധിക്കുകയായിരുന്നു.
രണ്ടെണ്ണം കൂടി നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവതി റോഡില്‍ കുത്തിയിരിക്കുകയും പൊട്ടിക്കരയുകയുമായിരുന്നു. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കുകയായിരുന്നു.