കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണർ ആണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ചതുപ്പ് നിലത്തോട് ചേർന്ന സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. നിലവിൽ വീട്ടിലെ കിണർ വറ്റിച്ചിട്ടുണ്ട്.സമീപത്തെ കിണറുകളിലെ ജലം പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ മറ്റൊരാൾക്കുകൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
താമരശ്ശേരിയിൽ നാലാംക്ലാസുകാരി മരിച്ചതോടെ കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എൽപി സ്കൂളിൽ ആരോഗ്യവകുപ്പ് നാളെ ബോധവൽക്കരണ ക്ലാസ് നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക. മുൻകരുതലിൻറെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും മെഡിക്കൽ കോളേജിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.