ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ സിനിമയിൽ എത്തിയിട്ട് 22 വർഷങ്ങൾ! 22 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം ആണ്. കുന്നോളം സ്വപ്നങ്ങളുമായി ഒരു ചെറുപ്പക്കാരൻ സിനിമയിലേക്ക് കാലെടുത്തു വെച്ചത്. ഇന്ന് നമ്മുടെ പ്രിയപ്പെട്ട ഐക്കൺ സ്റ്റാർ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു. അതും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലം . അദ്ദേഹം സിനിമ ഇൻഡസ്ട്രിക്ക് സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ മറക്കാനാവാത്ത കഥാപാത്രങ്ങൾ ഏറെയുണ്ട്. ആത്മ സമർപ്പണം, അഭിനയചാരുത, മെയ് വഴക്കം ഒപ്പം ജീവിതത്തിൽ സിനിമയ്ക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യം ഒക്കെയാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ നായകന്മാരിൽ പ്രമുഖനിരയിലേക്ക് എത്തിച്ചത്.
സിനിമാലോകത്ത് ബാലതാരമായി എത്തിയെങ്കിലും ‘ആര്യ’ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ചിത്രമായ ‘ഗംഗോത്രി’യിലൂടെയാണ് അല്ലു സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകൾ ആകും ഒരുപക്ഷേ അല്ലുവിനെ ആരാധകർ ആദ്യകാലങ്ങളിൽ ശ്രദ്ധിക്കാൻ കാരണം.
ബണ്ണി, ഹാപ്പി, ആര്യ 2, വേദം , ബദ്രിനാഥ്, ജൂലായ് , റേസ് ഗുറാം , രുദ്രമദേവി, ഡി ജെ, നാ പേരു സൂര്യ, അല വൈകുണ്ഡ പുരലു , പുഷ്പ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ അല്ലു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. അസാമാന്യമായ മെയ് വഴക്കം കൊണ്ട് പല സിനിമകളിലും അല്ലു അർജുൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി. അദ്ദേഹത്തിന് വലിയൊരു ആരാധക വൃന്ദം തന്നെ കേരളത്തിലുണ്ട്
2004 ൽ പുറത്തിറങ്ങിയ ‘ആര്യ’ സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തി. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്സോഫീസിൽ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ഏറ്റവും ഒടുവിൽ ‘പുഷ്പ ‘ യിലും ‘പുഷ്പ 2’വിലും വരെ എത്തിയിരിക്കുകാണ് അദ്ദേഹത്തിന്റെ തേരോട്ടം. അതോടൊപ്പം സുകുമാർ – അല്ലു കോംമ്പോയിൽ ഉള്ള ആരാധകരുടെ വിശ്വാസവും. സിനിമാ ലോകത്ത് 22 വർഷങ്ങൾ പിന്നിടുന്ന വേളയിൽ എത്താൻ പോകുന്ന സർപ്രൈസ് അറിയാൻ മലയാളി ആരാധകരും ലോകം മുഴുവനുമുള്ള അല്ലു ആരാധകരും അക്ഷമരായി കാത്തിരിക്കുകയാണ്.