നിലമ്പൂർ: തീരുമാനമെത്തി, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നിർദ്ദേശിച്ച പേര് എഐസിസി അംഗീകരിച്ചു. ഇതോടെ അവസാന നിമിഷം പിവി അൻവർ പുറത്തെടുത്ത സമ്മർദ്ദതന്ത്രം പാളിപ്പോയി. അൻവറിന്റെ തന്ത്രങ്ങൾക്കു വഴങ്ങില്ലെന്ന നിലപാടിലാണ് കെപിസിസി ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രം എഐസിസിയ്ക്ക് നൽകിയത്. അതുപോലെ കെപിസിസി നിർദ്ദേശം എഐസിസി അംഗീകരിക്കുകയും ചെയ്തു.
അതേസമയം കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലായിരുന്നു ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി കെപിസിസി തിരഞ്ഞെടുത്തത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം കളമശ്ശേരിയിലെ ഹോട്ടലിൽ യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ.
മാത്രമല്ല അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്ന് തന്നെയായിരുന്നു പൊതുവെ കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയുടെ പേര് പിവി അൻവർ അടക്കം ഉയർത്തിക്കൊണ്ടുവന്നെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനു തന്നെയായിരുന്നു പാർട്ടിക്കുള്ളിൽ മുൻഗണന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃ തലത്തിലുണ്ടായ മാറ്റം വി എസ് ജോയിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.
അതേസമയം കെഎസ് യുവിലൂടെ ഉയർന്നുവന്ന വിഎസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വിഎസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാൽ മുൻപ് ആര് സ്ഥാനാർഥിയായാലും താൻ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ കടുത്ത അതൃപ്തിയുണ്ട്. എന്നാൽ അൻവറിനെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.