ലഖ്‌നൗ: രണ്ട് ഭാര്യമാരുള്ള മുന്‍ റെയില്‍വെ ജീവനക്കാരന്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് ട്രങ്കിനുള്ളില്‍ ഇട്ട് കത്തിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ച അവശിഷ്ടം ഒരു നദിയില്‍ ഒഴുക്കി. കത്തിക്കാന്‍ ഉപയോഗിച്ച ട്രങ്ക് രണ്ടാമത്തെ ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ദാരുണ സംഭവം നടന്നത്. റെയില്‍വെയില്‍ നിന്ന് വിരമിച്ച രാം സിംഗ് പരിഹാര്‍ (62) ആണ് 35 വയസ്സുകാരിയായ ലിവ് ഇന്‍ പങ്കാളി പ്രീതിയെ കൊലപ്പെടുത്തിയത്.
ഇയാള്‍ നേരത്തെ രണ്ടുതവണ വിവാഹിതനായിരുന്നു. ഇയാളുടെ ആദ്യ ഭാര്യ സിപ്രി ബസാര്‍ സ്വദേശിനിയാണ്. രണ്ടാമത്തെ ഭാര്യ സിറ്റി കോട്വാലി സ്വദേശിനിയാണ്.
ലിവ് ഇന്‍ പങ്കാളി രാം സിംഗില്‍ നിന്ന് വന്‍ തുക ആവശ്യപ്പെട്ടിരുന്നുവെന്നും നേരത്തെ ലക്ഷങ്ങള്‍ വാങ്ങിയെടുത്തതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വീണ്ടും പണത്തിന് വേണ്ടി സമീപിച്ചതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ജനുവരി എട്ടിനാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം
മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ ശേഖരിച്ച് നദിയില്‍ ഒഴുക്കുകയായിരുന്നു. ട്രങ്കിലെ ബാക്കിയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി അയാള്‍ അത് തന്റെ രണ്ടാമത്തെ ഭാര്യ ഗീതയുടെ വീട്ടിലേക്ക് അയച്ചു. കനമുളളതിനാല്‍ ട്രങ്ക് ഗീതയുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പരിഹാര്‍ ഒരു ജെസിബി ഡ്രൈവറെ വിളിച്ചിരുന്നു. ഇയാളില്‍ നിന്നാണ് വിവരം പുറത്തായത്.
ശനിയാഴ്ച രാത്രി രാം സിംഗ് ഗീതയുടെ വീട്ടിലെത്തുകയും മകന്‍ നിതിനെ വിളിക്കുകയും ചെയ്തു. ഇവിടേക്ക് ട്രങ്ക് എത്തിക്കുന്നതിന് ജെസിബി ഡ്രൈവറെ ചുമതലപ്പെടുത്തി. അതിനുള്ളില്‍ എന്തോ ഉണ്ടെന്ന് സംശയം തോന്നിയ ഡ്രൈവര്‍ ജയ്സിംഗ് പാല്‍ ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് ട്രങ്ക് ഇറക്കിയ ശേഷം ജയ്സിംഗ് പാല്‍ ഉടന്‍ പൊലീസിനെ വിളിപ്പിച്ചു. പൊലീസ് വീട്ടിലെത്തി ട്രങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അതിന് തയ്യാറായില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് ട്രങ്ക് തുറന്നപ്പോള്‍ അതിനുള്ളില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍, അസ്ഥിക്കഷ്ണങ്ങള്‍, ചാരം എന്നിവ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഫൊറന്‍സിക് സംഘം ട്രങ്കിനുള്ളില്‍ പരിശോധന നടത്തി. അതിനിടെ രാം സിംഗ് രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് പ്രീതി സിംഗ് കൂട്ടിച്ചേര്‍ത്തു.
















































