കൊൽക്കത്ത: അന്ന് ഓസ്ട്രേലിയയ്ക്കെതിരെ വിജയിച്ച് ഫൈനലിലെത്തിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് അന്നത്തെ വിജയ ശിൽപി ജെമിമ റോഡ്രിഗസ് ആദ്യം യേശുവിന് നന്ദി പറഞ്ഞു… ഇന്ന് അതേ സ്ഥാനത്ത് സഞ്ജു സാംസൺ. അർദ്ധ സെഞ്ചുറി നേടിക്കഴിഞ്ഞപ്പോഴും ഇന്ത്യ 5 വിക്കറ്റിന് ജയിച്ച ശേഷവും സഞ്ജു മൈതാനത്ത് മുട്ടുകുത്തിനിന്ന് ഈശോയെന്നു വിളിച്ച് നെറ്റിയിൽ പിതാവിനും പുത്രനും കുരിശു വരച്ച് തന്റെ നന്ദി അറിയിക്കുന്ന വീഡിയോ ഐസിസി തന്നെ പങ്കുവച്ചു.
ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നത് മലയാളിതാരം സഞ്ജു സാംസണാണ്. 50 പന്തിൽ പുറത്താവാതെ സഞ്ജു നേടിയ 97 റൺസാണ് ഇന്ത്യക്ക് സെമി ഫൈനൽ ബെർത്ത് ഉറപ്പാക്കിച്ചത്. നാല് സിക്‌സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
അവസാന ഓവറിൽ ഏഴ് റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നു. റൊമാരിയോ ഷെപ്പേർഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സർ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയവും സമ്മാനിച്ചു. മത്സരത്തിന് ശേഷം സഞ്ജു തന്റെ സന്തോഷം പങ്കുവച്ചു. സഞ്ജുവിന്റെ വാക്കുകൾ… ”ലോകം മുഴുവൻ ഞാനായതായി തോന്നുന്നു. കളിക്കാൻ തുടങ്ങിയ ദിവസം മുതൽ, രാജ്യത്തിനായി കളിക്കാൻ സ്വപ്നം കണ്ട ദിവസം മുതൽ, ഞാൻ കാത്തിരുന്ന ദിവസമാണിത്. ഞാൻ കടപ്പെട്ടിരിക്കും. എന്റെ യാത്രയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു. ‘എന്ത് സംഭവിക്കും’, ‘എനിക്ക് സാധിക്കുമോ’ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാൻ വിശ്വസിക്കുന്നത് തുടർന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷവാനാണ്.”
”ഞാൻ വളരെക്കാലമായി ഈ ഫോർമാറ്റ് കളിക്കുന്നുണ്ട്. വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ ഇതിഹാസങ്ങൾ കളിക്കുന്നത് ഡഗ്ഔട്ടിൽ ഇരുന്ന് ഞാൻ കണ്ടു പഠിക്കാറുണ്ടായിരുന്നു. ഞാനൊരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചു. ഞാൻ ഇത്രയും മികച്ചൊരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്. ആരാധകർ ഒരുപാട് പിന്തുണയും ഊർജ്ജവും നൽകുന്നുണ്ട്. ഞാൻ പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകൾ കളിച്ചു. എന്നിൽത്തന്നെ വിശ്വസിച്ചു.” സഞ്ജു പറയുന്നു.
അതേസമയം വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. 25 പന്തിൽ 40 റൺസ് നേടിയ റോസ്റ്റൺ ചേസാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.


















































