കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പൊതുമധ്യത്തിൽ 13 കാരനെക്കൊണ്ടു വധശിക്ഷ നടപ്പാക്കി താലിബാൻ. ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മംഗൾ എന്നയാൾക്കാണ് പൊതുവിടത്തിൽ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നതു കാണാൻ എൺപതിനായിരത്തോളം പേർ തടിച്ചുകൂടിയിരുന്നതായി റിപ്പോർട്ട്.
അതേസമയം ക്യാമറ സംവിധാനമുള്ള ഫോണുകൾ നിരോധിച്ചിരിക്കുന്ന താലിബാൻ ഉത്തരവുകൾ അവഗണിച്ചാണ് ജനക്കൂട്ടം വധശിക്ഷയുടെ ദൃശ്യങ്ങൾ പകർത്തിയത്. ശിക്ഷാ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏകദേശം പത്ത് മാസം മുമ്പ് പ്രദേശവാസിയായ അബ്ദുൾ റഹ്മാനെയും അദ്ദേഹത്തിന്റെ 12 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലാണ് മംഗൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇയാൾ കൊലപ്പെടുത്തിയ കുടുംബത്തിലെ 13 വയസൂള്ള കുട്ടിയാണ് മംഗളിനെതിരേ വെടിയുതിർത്തത്.
താലിബാൻ നിയമ പ്രകാരം ഇരകളുടെ ബന്ധുക്കൾക്ക് കുറ്റവാളിയോട് ക്ഷമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ വഴി ആൺകുട്ടി നിരസിക്കുകയായിരുന്നു. തുടർന്ന് താലിബാൻ വിധി പ്രകാരം പ്രതിയെ വധിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഇതിനിടെ വധശിക്ഷ ‘ദൈവിക ഉത്തരവ്’ നടപ്പിലാക്കുന്നതിന് സമാനമാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി പറഞ്ഞു. ദേശീയ സുരക്ഷയ്ക്കും ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിനും വേണ്ടി പ്രാർഥനകൾ നടത്തിയെന്നും കോടതി കൂട്ടിച്ചേർത്തു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായതായി ശിക്ഷ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. 2021- ൽ അധികാരം പിടിച്ചെടുത്തതിനുശേഷം താലിബാൻ നടപ്പിലാക്കിയ പതിനൊന്നാമത്തെ ജുഡീഷ്യൽ വധശിക്ഷയാണിത്.
അതേസമയം, സംഭവത്തിൽ ലോകത്തിന്റെ പലഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. യുഎൻ സ്പെഷ്യൽ റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് വധശിക്ഷയെ മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമായ നടപടിയെന്ന് അപലപിച്ചു. താലിബാന്റെ നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയോക നടപടിക്രമങ്ങളോ നിയമപരമായ സംരക്ഷണങ്ങളോ ഇല്ലെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.






















































