പ്രയാഗ്‍രാജ്: ബോളിവുഡ് നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു നടി. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി നിർവഹിച്ചു.
ഒരുകാലത്ത് ബോളിവുഡ് നടിയായി സിനിമാ ലോകത്ത് തിളങ്ങിയെങ്കിലും പിന്നീട് ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. മമത വിവാഹത്തിനു ശേഷം ഭർത്താവുമൊപ്പം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.