താൻ എന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഗായിക സയനോര ഫിലിപ്പ്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനുതൊട്ടുപിന്നാലെയാണ് സയനോരയുടെ പ്രതികരണം. കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു.
‘അവൾക്കൊപ്പം’ എന്ന് എഴുതിയ സ്റ്റോറി പങ്കുവച്ചു കൊണ്ടാണ് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചത്. അതിജീവിതയ്ക്കു വേണ്ടി എന്നും ശബദ്മുയർത്തിയ ഗായികയാണ് സയനോര ഫിലിപ്പ്. മലയാള ചലച്ചിത്രമേഖലയിൽ വനിതാ ചലച്ചിത്രപ്രവർത്തകർക്കായി ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന പേരിൽ സംഘടന രൂപീകരിച്ചപ്പോൾ അതിനൊപ്പവും സയനോര നിന്നു.
അതേസമയം എട്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി വന്നത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ഒന്നുമുതൽ ആറു പ്രതികൾക്കെതിരെ ചുമത്തിയത്.

















































