കൊച്ചി: ദിലീപ് ഇതുവരെ പറഞ്ഞ കാര്യങ്ങൾ നുണയാണെന്നും പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്. താൻ ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു.
കേസിന്റെ തുടക്കം മുതൽ പൾസർ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപിൻറെ നിലപാട്. എന്നാൽ ഇതു തള്ളിയിരിക്കുകയാണ് പൾസർ സുനിയും. തങ്ങൾക്ക് പരസ്പരം അറിയാമെന്നാണ് പൾസർ സുനി നിലവിൽ കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഒന്നാം പ്രതിയുമായി യാതൊരു പരിചയവുമില്ലെന്നാണ് നാളിതുവരെയുളള ദിലീപിൻറെ നിലപാട്.
അതേസമയം കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസിൽ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്.














































