കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾ പലതവണ മാറിക്കയറിയ ആറ് വാഹനങ്ങളാണ് തൊണ്ടിമുതലായി ഉൾപെടുത്തിയിരിക്കുന്നത്. ഇതിൽ പൾസർ സുനി അടക്കമുള്ള ക്വട്ടേഷൻസംഘമെത്തിയ ട്രാവലർ ഡെലിവറി വാനും പൾസർ ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോഴും കോടതിയിൽ സൂക്ഷിച്ചിട്ടുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെട്ട കാർ, പിന്നീട് കോടതി നടപടികൾപ്രകാരം ഉടമയ്ക്ക് വിട്ടുനൽകി.
കേസ് പോയത് ഈവഴിയൊക്കെ-
2017 ഫെബ്രുവരി 17-നാണ് നടി ആക്രമിക്കപ്പെട്ടത്. സംവിധായകൻ ലാലിന്റെ മരുമകളുടെ ഉടമസ്ഥതയിലുള്ള എക്‌സ്‌യുവി കാറിൽവെച്ചായിരുന്നു പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചത്. ഈ കാറാണ് നടിയെ തൃശ്ശൂരിൽനിന്ന് കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരാനായി അയച്ചിരുന്നത്. കേസിലെ രണ്ടാംപ്രതിയും ഡ്രൈവറുമായ മാർട്ടിൻ ആന്റണിയായിരുന്നു കാറോടിച്ചിരുന്നത്.
ഇയാൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പൾസർ സുനിക്കും സംഘത്തിനും ലൊക്കേഷൻ വിവരങ്ങളടക്കം അപ്പപ്പോൾ കൈമാറിക്കൊണ്ടിരുന്നു. ഇതനുസരിച്ച് പൾസർ സുനിയും സംഘവും കറുകുറ്റിയിൽ ട്രാവലർ വാനുമായി നിലയുറപ്പിച്ചു. മണികണ്ഠനും വിജീഷുമാണ് ഈ സമയം സുനിക്കൊപ്പം വാനിലുണ്ടായിരുന്നത്. തുടർന്ന് ഇവർ നടിയുടെ കാറിനെ പിന്തുടർന്നു. അത്താണിയിൽവെച്ച് മുൻകൂട്ടി നിശ്ചയിച്ചതുപോലെ വാൻ കാറിലിടിപ്പിച്ച് ചെറിയ അപകടമുണ്ടാക്കി.പിന്നാലെ മണികണ്ഠനും വിജീഷും കാറിൽനിന്നിറങ്ങി കാർ ഡ്രൈവറായ മാർട്ടിനുമായി തർക്കമുണ്ടാക്കി. അപകടത്തെച്ചൊല്ലിയുള്ള തർക്കമെന്ന് നടിയെ വിശ്വസിപ്പിക്കാനുള്ള നാടകമായിരുന്നു ഇത്.
തൊട്ടുപിന്നാലെ മണികണ്ഠനും വിജീഷും കാറിന്റെ പിൻസീറ്റിൽ കയറി നടിക്കൊപ്പമിരുന്നു. ‘മാഡം സേഫ് ആണ് പേടിക്കേണ്ട, മാർട്ടിൻ ഞങ്ങളെ ചീത്തവിളിച്ചു, അവനെ വെറുതെവിടില്ല’ എന്നായിരുന്നു ഇരുവരും നടിയോട് പറഞ്ഞത്. ഇതിനിടെ മാർട്ടിനെ ഭീഷണിപ്പെടുത്തി നാടകംകളിച്ച് കാർ മുന്നോട്ടെടുപ്പിച്ചു. ഇതേസമയം, ട്രാവലർ വാനും കാറിനെ പിന്തുടർന്നു. യാത്രയ്ക്കിടെ മറ്റുപ്രതികളായ വടിവാൾ സലീമും പ്രദീപും വാനിൽ കയറി. പിന്നീട് പലതവണ പ്രതികൾ വാഹനങ്ങൾ മാറിമാറി കയറി. ഒടുവിൽ പൾസർ സുനിയും കാറിലെത്തി. തുടർന്നാണ് പൾസർ സുനി നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. അവസാനം വാഴക്കാലയിൽവെച്ച് മാർട്ടിൻ തന്നെ കാറിന്റെ ഡ്രൈവിങ് സീറ്റിലെത്തി. ബാക്കി പ്രതികൾ കാറിൽനിന്നിറങ്ങി കടന്നുകളയുകയുംചെയ്യുകയായിരുന്നു.
അതേസമയം പൾസർ സുനി ആദ്യം സഞ്ചരിച്ച ട്രാവലർ വാനിൽവെച്ച് കൃത്യം നടത്താനായിരുന്നു സംഘം ആദ്യം പദ്ധതിയിട്ടിരുന്നത്. നടിയെ കാറിൽനിന്നിറക്കി വാനിൽ കയറ്റി ആക്രമിക്കാനായിരുന്നു തീരുമാനം. ഇതിനായി ഡെലിവറി വാനിന്റെ പിൻവശത്ത് പ്രത്യേക തയ്യാറെടുപ്പുകളും നടത്തി. എന്നാൽ, വിജീഷ് വാഹനമോടിച്ചപ്പോൾ ട്രാവലർ വാനിന് പലപ്പോഴും കാറിനൊപ്പമെത്താനായില്ല. മാത്രമല്ല, റോഡിലെ ആൾത്തിരക്കും ഈ ശ്രമം ഉപേക്ഷിക്കാൻ കാരണമായി. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു.
സംഭവം നടന്നതിന് ശേഷം പ്രതികൾ രക്ഷപ്പെട്ട എയ്‌സ് ഡെലിവറി വാനാണ് കേസിൽ ഉൾപ്പെട്ട മറ്റൊരു വാഹനം. ഇതിനുപുറമേ മൂന്ന് ബൈക്കുകളും കേസിലുണ്ട്. ഇതിൽ ഒരെണ്ണം സുനിയും വിജീഷും കോടതിയിൽ കീഴടങ്ങാനെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പൾസർ ബൈക്കും ഉണ്ട്. ഇവയെല്ലാം ഇപ്പോഴും കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ് തൊണ്ടിമുതലുകാളായി.


















































