തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ചതിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസം വെള്ള സിൽക്ക് സാരിയും ബ്ലൗസും ധരിച്ച ഉദ്ഘാടനവേദിയിലെത്തിയ അന്നയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേ വീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് നടി രംഗത്തെത്തിയത്.
‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും?. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്’, നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽകുറിച്ചു.
‘ഇതാണ് യഥാർഥ ഞാൻ’ എന്ന കുറിപ്പോടെ മറ്റൊരു റീലും നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം വ്യാജപ്രചാരണങ്ങൾക്കെതിരേ നടി നടത്തിയ പ്രതികരണത്തിന് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്.
അതേസമയം ലിച്ചി എന്ന പേരിൽ അറിയപ്പെടുന്ന നടി അന്ന രേഷ്മ രാജൻ ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്കെതിരേ നിരന്തരം സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ കടന്നുവരാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ലിച്ചിയിലൂടെയാണ് നടി കൂടുതലും അറിയപ്പെടുന്നത്.